ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാന പൈലറ്റാകുന്ന ആദ്യ മുസ്ലീം വനിതയെന്ന നേട്ടം സ്വന്തമാക്കി ഉത്തര്‍പ്രദേശ് സ്വദേശിനി. ഉത്തര്‍പ്രദേശിലെ മിര്‍സപുറിലുള്ള ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസ്സും മിര്‍സയുടേയും മകളായ സാനിയ മിര്‍സയാണ് ഈ അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. എൻഡിഎ പരീക്ഷയിൽ 149-ാം റാങ്കോടെയാണ് സാനിയ ഫ്ളൈയിംഗ് വിംഗിൽ രണ്ടാം സ്ഥാനം നേടിയത്. ഉത്തർപ്രദേശിൽ നിന്ന് യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ വനിത കൂടിയാണ് സാനിയ.’ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് അവാനി ചതുര്‍വേദിയില്‍ നിന്ന് ഞാന്‍ വളരെയധികം പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു, അവരെ കണ്ടാണ് ഞാന്‍ എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ സാനിയ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.ഏപ്രിൽ 10നാണ് സാനിയ എൻഡിഎ പരീക്ഷ എഴുതിയത്. നവംബറിൽ പുറത്തിറക്കിയ പട്ടികയിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഫ്‌ളൈയിംഗിൽ തെരഞ്ഞെടുക്കപ്പെട്ട രണ്ട് വനിതകളിൽ ഒരാളാണ് സാനിയ. ഡിസംബർ 27ന് പൂനെയിൽ നടക്കുന്ന എൻഡിഎ പരിശീലനത്തിൽ സാനിയ ചേരും. സിബിഎസ്ഇ, ഐസിഎസ്ഇ, യുപി ബോർഡ് വിദ്യാർത്ഥികൾക്ക് മാത്രമല്ല ദൃഢനിശ്ചയമുണ്ടെങ്കിൽ ആർക്കും വിജയം നേടാനാകുമെന്ന് ഹിന്ദി മീഡിയം സ്‌കൂളിൽ പഠിച്ച സാനിയ പറയുന്നു.