വാഷിംഗ്ടൺ: യുഎസിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വീണ്ടും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിലെ മാരാലാഗോ എസ്റ്റേറ്റിൽ വച്ചാണ് ട്രംപിൻറെ പ്രഖ്യാപനം. അമേരിക്കയുടെ മടങ്ങിവരവ് തുടങ്ങിയെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, മുൻ പ്രസിഡൻറ് ആയ ട്രംപിന് കാര്യങ്ങൾ അത്ര എളുപ്പമല്ല, മുന്നിൽ കടമ്പകൾ ഏറെയാണുള്ളത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ എതിർപ്പ് ശക്തമാണ്. ഇടക്കാല തെരഞ്ഞെടുപ്പിലെ മോശം പ്രകടനവും തിരിച്ചടിയാണ്.
വിശ്വസ്തർ പലരും ഇടക്കാല തെരഞ്ഞെടുപ്പിൽ സാഹചര്യമാണുള്ളത്. ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റീസുമായി ഭിന്നത രൂക്ഷമായി തുടരുകയും ചെയ്യുകയാണ്. ഇടക്കാല തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്നും അതിൻറെ തിളക്കത്തിൽ ഈ പ്രഖ്യാപനം നടത്താനാകും എന്നായിരുന്നു ട്രംപ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, ആ ഒരു മുന്നേറ്റം റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉണ്ടായില്ല. എന്നാൽ, മുമ്പ് പ്രതീക്ഷിച്ചിരുന്ന പോലെ തന്നെ ട്രംപ് തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്.
അമേരിക്ക, അതിൻറെ പ്രൗഡിയിലേക്ക് വരുന്നത് തന്നിലൂടെയാകുമെന്ന് അനുയായികളോട് പറഞ്ഞുകൊണ്ടാണ് ട്രംപ് തൻറെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 2020ൽ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് മാറിയപ്പോൾ തന്നെ തൻറെ മടങ്ങി വരവിനെ കുറിച്ചുള്ള സൂചനകൾ ട്രംപ് നൽകിയിരുന്നു. പക്ഷേ, അമേരിക്കയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ട്രംപിന് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള മടങ്ങി വരവ് എളുപ്പമുള്ള കാര്യമല്ല.
റിപ്പബ്ലിക്കൻ പാർട്ടിക്ക് ഉള്ളിൽ തന്നെ ട്രംപിന് എതിരാളികളുണ്ട്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൻറെ അവസാന റൗണ്ടിലേക്ക് എത്തണമെങ്കിൽ ആദ്യ തന്നെ പാർട്ടുള്ളിൽ അദ്ദേഹം തെരഞ്ഞെടുക്കപ്പെടണം. അത് ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിൽ ഏറ്റവും നിർണായകം ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റീസുമായുള്ള ഭിന്നതയാണ്. ഡിസാന്റീസ് വളരെയധികം ജനപ്രീതിയുള്ള നേതാവാണ്. റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ ട്രംപിനെ രീതികളോട് വിയോജിപ്പുള്ള മറ്റ് നേതാക്കളുമുണ്ട്. കൂടാതെ, ക്യാപിറ്റോൾ കലാപത്തിലെ അന്വേഷണം തുടരുകയാണ്.
അതിൻറെ ആരോപണങ്ങളുടെ നിഴലിൽ നിന്ന് ട്രംപ് ഇനിയും മുക്തനായിട്ടില്ല. ഒപ്പം ട്രംപിൻറെ ശൈലിയോട് അമേരിക്കയിലെ പൊതു സമൂഹത്തിലും വലിയ എതിർപ്പാണുള്ളത്. അതുകൊണ്ട് തന്നെ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും എളുപ്പത്തിൽ കാര്യങ്ങളൊന്നും ട്രംപിൻറെ വഴിയേ നീങ്ങില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷേ, ഒരു യുദ്ധ പ്രഖ്യാപനം തന്നെയാണ് ട്രംപ് ഇന്ന് നടത്തിയിരിക്കുന്നത്. 2024ൽ അമേരിക്കയുടെ പ്രസിഡൻറ് താനായിരിക്കുമെന്നുള്ള ആ പ്രഖ്യാപനം ആഗോള തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു കഴിഞ്ഞു.