Entertainment News

ജയ ജയ ജയ ജയ ഹേയെ അഭിനന്ദിച്ച് കെ കെ ശൈലജ;ദർശനയെ കുറിച്ച് ഒന്നുമില്ല പോസ്റ്റിന് വിമർശനം

ജയ ജയ ജയ ജയ ഹേ’ എന്ന സിനിമയെ അഭിനന്ദിച്ച് മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ കെ കെ ശൈലജ.പരാതികളുമായി തനിക്കു മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കണ്ടപ്പോള്‍ മനസ്സിൽ തെളിഞ്ഞുവന്നതെന്ന് ശൈലജ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഗൗരവമേറിയ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചതിന് സിനിമയുടെ പിന്നണിപ്രവർത്തകരെ ശൈലജ പ്രശംസിച്ചു.എന്നാൽ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് അഭിഭാഷകൻ ഹരീഷ് വാസുദേവൻ രംഗത്തെത്തി.’ആദ്യാവസാനം നന്നായി അഭിനയിച്ച ദർശന എന്ന നടിയെപറ്റി, അവരുടെ അഭിനയത്തെപറ്റി പോസിറ്റീവ് ആയ ഒരു വരി പോലുമില്ല. സ്വന്തം കാലിൽ നിൽക്കാനും ആണിന്റെ തുണയില്ലാതെ ജീവിക്കാനും അവർ കാണിച്ച ധീരതയെപറ്റി.. ടീച്ചർ ഈ വിഷയത്തെക്കുറിച്ച് ഇനിയും എഴുതണം,’ എന്നാണ് കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റായി ഹരീഷ് എഴുതിയത്.

കെ കെ ശൈലജയുടെ കുറിപ്പിന്റെ പൂർണരൂപം:

വിപിൻദാസ് സംവിധാനം ചെയ്ത് ദർശന രാജേന്ദ്രനും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയ ജയ ജയ ജയ ഹേ ടീമിന് അഭിനന്ദനങ്ങൾ…

ഏറെ സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ് സമൂഹത്തില്‍ അവതരിപ്പിച്ചത് ഏറെ ഉചിതമായി.

ഇന്ന് നിലനില്‍ക്കുന്ന ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിത്രത്തിലൂടെ നന്നായി സംവദിക്കുന്നു. അതേസമയം ഇത്തരം കുടുംബ പശ്ചാത്തലത്തില്‍ ആണ്‍കുട്ടികളും പലതരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് വിധേയരാവുന്നു എന്ന വസ്തുതയും ചിത്രം വരച്ചുകാട്ടുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ജീവിതം സ്വയം തെരഞ്ഞെടുക്കുന്നതിനുമുള്ള പെണ്‍കുട്ടികളുടെ അവകാശം പൂര്‍ണമായും നിഷേധിക്കുന്നതാണ് ആണ്‍കോയ്മ സമൂഹത്തിന്റെ സ്വഭാവം. ദര്‍ശനാ രാജേന്ദ്രന്‍ അവതരിപ്പിച്ച കഥാപാത്രം ഈ അടിമത്വത്തിന്റെ നേര്‍ കാഴ്ചയായി. പരാതികളുമായി മുന്നിലെത്തിയ നിരവധി പെണ്‍കുട്ടികളുടെ ചിത്രമാണ് സിനിമ കാണുമ്പോള്‍ മുന്നില്‍ തെളിഞ്ഞുവന്നത്.

ഇന്ന് കേരളീയ സമൂഹത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളുമെല്ലാം ലിംഗ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹ്യ വ്യവസ്ഥിതിയുടെ സൃഷ്ടിയാണ്. ഈ മേല്‍ക്കോയ്മയുമായി സഹകരിച്ച് കടുത്ത മാനസിക വ്യഥപേറിക്കൊണ്ട് സ്വയം ദുര്‍ബലരായി പ്രഖ്യാപിച്ച് ജീവിതം ജീവിച്ച് തീര്‍ക്കുന്നവരാണ് ഏറെ സ്ത്രീകളും. ഈ സിനിമയിലെ രണ്ട് അമ്മ കഥാപാത്രങ്ങളും പെങ്ങളും ഈ ദയനീയാവസ്ഥയുടെ നേര്‍ ചിത്രമായി മാറി. ഇതോടൊപ്പം തന്നെ ആണധികാര സമൂഹത്തില്‍ കുടുംബ ബന്ധങ്ങളിലുണ്ടാവുന്ന തകര്‍ച്ച ആണ്‍കുട്ടികളുടെ മനസിനെയും എത്രമാത്രം ദുര്‍ബലവും വികൃതവുമാക്കുന്നുവെന്നതിന്റെ തെളിവാണ് ബേസില്‍ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രം. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട ബാല്യ കൗമാരങ്ങള്‍ യൗവ്വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ അപകര്‍ഷതാ ബോധം മറച്ചുവയ്ക്കുന്നതിന് സ്വയം സൃഷ്ടിച്ചെടുക്കുന്ന കപട ധീരതയുടെ പ്രതിഫലനമാണ് സ്ത്രീകളോടുള്ള പരിഹാസവും അതിക്രമവുമായി രൂപപ്പെടുന്നത്. അടിമയെ പോലെ വീട്ടിലേക്ക് കൊണ്ടുവരുന്ന ഭാര്യയില്‍ ഈ അസ്വസ്തതകള്‍ മുഴുവന്‍ ആധിപത്യമായി പ്രകടിപ്പിക്കുന്നതിന്റെ ഫലമായാണ് തല്ലി കീഴ്‌പ്പെടുത്തുക എന്ന മനോഭാവത്തിലേക്ക് നയിക്കുന്നത്. മീശപിരിച്ച് ധീരത നടിക്കുമ്പോഴും ഒരു ചെറിയ പ്രശ്‌നത്തില്‍ പോലും പതറിപ്പോവുകയും ഭയപ്പെടുകയും ചെയ്യുന്ന ചിലപ്പോള്‍ പ്രതികാര മനോഭാവം കാണിക്കുന്ന യുവാക്കളുടെ ചിത്രം ശരിയായി പകര്‍ത്തിക്കാട്ടാന്‍ ബേസിലിന് കഴിഞ്ഞു.

ഗൗരവമേറിയ ഈ സാമൂഹ്യ പ്രശ്‌നം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചപ്പോള്‍ തിയേറ്ററില്‍ തിങ്ങിനിറഞ്ഞ സ്ത്രീകളും പുരുഷന്‍മാരും ഒന്നടങ്കം അതിനെ അംഗീകരിക്കുന്ന രീതിയില്‍ പ്രതികരണങ്ങളുണ്ടായത് ഒരു നല്ല ലക്ഷണമാണ്. മലയാളിയുടെ ആസ്വാദന നിലവാരം പൂര്‍ണമായും താഴ്ന്നുപോയിട്ടില്ല എന്നതിന്റെ സൂചനകൂടിയാണ് അത്.

ചില സിനിമകളില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുമ്പോള്‍ തിയേറ്ററില്‍ നിന്നും കൈയ്യടികളുയരുന്നത് അസ്വസ്ഥതയോടെ കാണേണ്ടിവന്നിട്ടുണ്ട്. അത്തരം ഒരു യുവ സമൂഹം അടുത്ത തലമുറയ്ക്ക് നല്‍കുന്ന സന്ദേശം എത്ര വികലമായിരിക്കും എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്.

കടുത്ത അന്ധവിശ്വാസങ്ങളും ആഭിചാര പ്രക്രിയകളും പ്രചരിപ്പിക്കുന്ന സിനിമകളും നിരുത്സാഹപ്പെടുത്തേണ്ടതുണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നരബലിക്കായി ചിത്രീകരിക്കുന്നതും മനുഷ്യരക്തം വീഴ്ത്തി ഭീകര ജീവികളെ ഉണര്‍ത്തിക്കൊണ്ടുവരുന്നതുമായ ദൃശ്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് കാണുന്നതേയില്ല. ഈ വൈകല്യങ്ങള്‍ക്കിടയിലാണ് കുടുംബസമേതം കാണാനും ആസ്വദിക്കാനും ആശയങ്ങള്‍ ശരിയാംവണ്ണം ഉള്‍ക്കൊള്ളാനും കഴിയുന്ന രീതിയില്‍ നല്ല ഒരു സിനിമ ഒരുക്കിയിരിക്കുന്നത്. ഇതില്‍ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.
ബേസിൽ ജോസഫ് കമന്റിൽ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!