നവംബർ എട്ട് ചൊവ്വാഴ്ചയാണ് ഈ വർഷത്തെ അവസാനത്തെ പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. ഈ സമയത്ത് ചന്ദ്രൻ ചുവപ്പു നിറത്തിലാണ് കാണപ്പെടുക. അടുത്ത മൂന്ന് വർഷത്തിനിടയിൽ സംഭവിക്കുന്ന അവസാന പൂർണ ചന്ദ്രഗ്രഹണമായിരിക്കും ഇതെന്ന് നാസ അറിയിച്ചിട്ടുണ്ട്.
അവസാനമായി, 2021 നവംബർ 19-നാണ് ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമായത്. അത് ഭാഗിക ചന്ദ്രഗ്രഹണമായിരുന്നു. ഇനിയൊരു ഭാഗിക ചന്ദ്രഗ്രഹണം കാണാൻ 2023 ഒക്ടോബർ 28 വരെ കാത്തിരിക്കണം. സൂര്യഗ്രഹണം പോലെ, ചന്ദ്രഗ്രഹണം കാണാൻ യാതൊരു ഉപകരണങ്ങളുടെയും ആവശ്യമില്ല. ചന്ദ്രൻ സൂര്യന്റെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ, ഈപ്രകാശം മനുഷ്യന്റെ കണ്ണുകൾക്ക് ഹാനികരമല്ല.
ഇന്ത്യയിൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3:46 നായിരിക്കും പൂർണ ചന്ദ്രഗ്രഹണം കാണാൻ സാധിക്കുക. ഈ പ്രതിഭാസം വൈകിട്ട് 4.29 വരെ നീളും. ഉച്ചയ്ക്ക് 2:39 മുതൽ, ചന്ദ്രൻ ഭാഗികമായി ഭൂമിക്ക് പിന്നിൽ മറയാൻ തുടങ്ങും. 5:11 വരെ ഇങ്ങനെ ചന്ദ്രൻ ഭൂമിയെ ഭാഗികമായി മറയ്ക്കും.