കരൾരോഗത്തിന് ചികിത്സ സഹായാഭ്യർത്ഥനയുമായി നടൻ വിജയൻ കാരന്തൂർ.കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർച്ഛിച്ചെന്നും കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നും ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു.
‘പ്രിയപ്പെട്ടവരേ , കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർധന്യാവസ്ഥയിലാണ്. ലിവർ ട്രാൻസ് പ്ലാന്റേഷൻ മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ . തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു’, അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനാണ് വിജയൻ കാരന്തൂർ.സിനിമയ്ക്ക് പുറമേ നിരവധി നാടകങ്ങളുടെയും ഭാഗമായിട്ടുണ്ട് വിജയൻ കാരന്തൂര്‍. സംവിധായകനായും അഭിനയ പരിശീലകനായും വിജയൻ കാരന്തൂര്‍ പ്രവര്‍ത്തിച്ചു. 1973ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘മരം’ എന്ന ചിത്രത്തിലൂടെ വിജയൻ കാരന്തൂര്‍ വെള്ളിത്തിരയിലെത്തുന്നത്.വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്ഡ് പെപ്പർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.