ചൈനീസ് ചാരക്കപ്പല്‍ യുവാന്‍ വാങ്-5 ശ്രീലങ്കന്‍ തുറമുഖത്തെത്തി.തുറമുഖത്ത് കപ്പൽ നങ്കൂരമിടുന്നതിനെ ഇന്ത്യയും സഖ്യകക്ഷികളും എതിർത്തതോടെ യുവാൻ വാങ് 5 ചാരക്കപ്പൽ ശ്രീലങ്കയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കഴിഞ്ഞ ബുധനാഴ്ച യുവാൻ വാങ്–5 കപ്പൽ ലങ്കയിലെ ഹംബൻതോട്ട തുറമുഖത്ത് അടുപ്പിക്കാൻ ചൈന ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചാരക്കപ്പൽ അടുക്കാൻ അനുമതി നൽകരുതെന്ന് ലങ്കയ്ക്ക് ഇന്ത്യ ശക്തമായ മുന്നറിയിപ്പ് നല്‍കി. ചാരക്കപ്പല്‍ ഹംബന്‍തോട്ട തുറമുഖത്ത് പ്രവേശിക്കുന്നതിനെ ആദ്യം എതിര്‍ത്ത ശ്രീലങ്ക പിന്നീട് ചൈനയുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നു.ഉപഗ്രഹങ്ങളെ അടക്കം നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും ശേഷിയുള്ള കപ്പലാണ് യുവാന്‍ വാങ് 5. 750 കിലോമീറ്റര്‍ പരിധിയിലെ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കപ്പലിന് സാധിക്കും എന്നതിനാല്‍ ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടക്കം യുവാന്‍ വാങ് 5 ലക്ഷ്യമിടുന്നു. ഹംബൻതോട്ട തുറമുഖം വികസിപ്പിച്ചത് ചൈനയാണ്. അവർക്കാണ് 99 വർഷത്തേക്ക് തുറമുഖത്തിന്‍റെ പ്രവർത്തനാനുമതി.ചൈനയുടെ പണം ഉപയോഗിച്ചാണ് ഹമ്പൻതോട്ട തുറമുഖം വികസിപ്പിച്ചത്.കൂടംകുളം, കൽപ്പാക്കം ആണവ റിയാക്ടറുകളുടെയും ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളുടെയും സുരക്ഷയ്ക്കും ചാരക്കപ്പൽ ഭീഷണിയാകുമെന്ന് ഇന്ത്യ കരുതുന്ന സാഹചര്യത്തിൽ, ചാരക്കപ്പൽ ലങ്കൻ തുറമുഖത്ത് നങ്കൂരമിട്ടത് ആശങ്ക ഉയർത്തിയിട്ടുണ്ട്.