പ്രസ് മീറ്റിന് വരുന്ന മാധ്യമങ്ങളുടെ സമീപനങ്ങളെ വിമര്‍ശിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ പിന്തുണച്ച് ടൊവിനോ തോമസ്.ഇത്തരം കാര്യങ്ങള്‍ ഈ കാലഘട്ടത്തിന്റെ പ്രശ്‌നമാണെന്നും ആരെയും ദ്രോഹിച്ചിട്ടല്ല കണ്ടന്റും റീച്ചും ഉണ്ടാക്കേണ്ടതെന്നുമാണ് ടൊവിനോ പറഞ്ഞത്. തല്ലുമാല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ വെച്ച് നടന്ന വാര്‍ത്ത സമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇതുവരെ അദ്ദേഹം ആരോടും മോശമായി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇത് ഈ കാലഘട്ടത്തിന്റേതായ പ്രശ്‌നമാണ്. ക്ലിക്ക് ബൈറ്റുകളും കണ്ടന്റിന്റെ വ്യൂസും മാത്രം നോക്കുമ്പോള്‍ മനുഷ്യനാണെന്നുള്ള കാര്യം മറക്കരുത്, അദ്ദേഹം മനുഷ്യനല്ലേ. അപ്പോള്‍ അദ്ദേഹത്തെ പ്രകോപിപ്പിക്കാതിരിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കണം. ആരേയും ദ്രോഹിച്ചിട്ടല്ലല്ലോ കണ്ടന്റിന് റീച്ച് ഉണ്ടാക്കുന്നത്.
ആദ്യം അദ്ദേഹം സംസാരിച്ചിരുന്നത് ഫ്രെണ്ട്‌ലിയായിട്ടായിരുന്നു. പ്രസിന് മുമ്പില്‍ അഭിനയിച്ച് സംസാരിക്കുന്ന ആളല്ല ഷൈന്‍. ഷൈന്റെ എല്ലാ അഭിമുഖങ്ങളും കാണുന്നതാണ്. പുള്ളി വളരെ ജെനുവിനാണ്, പറയുന്നതൊക്കെ ഫാക്റ്റാണ്. അഭിമുഖങ്ങള്‍ക്ക് കൊടുക്കുന്ന തലക്കെട്ടുകള്‍ ഭയങ്കര പ്രശ്‌നമാണ്,’ ടൊവിനോ പറഞ്ഞു.
ജേര്‍ണലിസം പഠിക്കാത്തവരാണ് വാര്‍ത്ത സമ്മേളനങ്ങളില്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നാണ് ഷൈൻ പറഞ്ഞത്.ഒന്നാമത് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ജേര്‍ണലിസം പഠിച്ച് വന്ന പിള്ളേരല്ല. അത് നിങ്ങള്‍ മനസിലാക്കണം. അവരാണ് അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്. അപ്പോള്‍ അവര്‍ക്ക് സിനിമയെ പറ്റിയൊന്നും വലിയ ധാരണയില്ല. ആളുകളെ തമ്മിലടിപ്പിക്കുക, പ്രശ്നങ്ങള്‍ ഉണ്ടാക്കുക, ഓടിക്കുക, ചാടിക്കുക ഇങ്ങനെയുള്ള കാര്യങ്ങളാണ് അവര്‍ക്ക് താല്‍പര്യമെന്ന് ഷൈന്‍ പറഞ്ഞു.