മങ്കിപോക്‌സ് ബാധിച്ച് കേരളത്തില്‍ യുവാവ് മരിച്ച് രണ്ടു ദിവസങ്ങള്‍ പിന്നിടുമ്പോള്‍, രോഗി വിമാനത്തില്‍ എത്തിയത് എങ്ങനെയെന്ന് അറിയാന്‍ യുഎഇയുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടു. യുഎഇയില്‍വച്ചു തന്നെ യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടും വിമാനത്തില്‍ കയറാന്‍ അനുവദിച്ചത് എങ്ങനെയെന്നതിന്റെ വിശദീകരണമാണ് യുഎഇ അധികൃതരോട് സര്‍ക്കാര്‍ ആരാഞ്ഞത്.
യുഎഇയില്‍ വച്ചു തന്നെ പോസിറ്റീവ് ആയതിന് ശേഷം ജൂലൈ 22 നാണ് ഇയാള്‍ കേരളത്തിലേക്ക് വിമാനം കയറിയതെന്നാണ് വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം. രോഗി അസുഖ വിവരം അറിയിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്രം പറഞ്ഞു.
”മങ്കിപോക്‌സ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടും യുവാവിനെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ഞങ്ങള്‍ ആ രാജ്യത്തെ (യുഎഇ) ഉദ്യോഗസ്ഥരെ സമീപിച്ചു. വിമാനത്താവളങ്ങളില്‍ എത്തുന്ന എല്ലാവരേയും കര്‍ശനമായി പരിശോധിക്കുന്നു, മറ്റ് രാജ്യങ്ങളില്‍ നിന്നും ഞങ്ങള്‍ ഇത് പ്രതീക്ഷിക്കുന്നു,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”അണുബാധയെക്കുറിച്ച് ഞങ്ങള്‍ ആളുകളെ ബോധവത്കരിക്കുന്നുണ്ട്, എന്നിട്ടും രോഗി കേരളത്തിലെത്തിയിട്ടും ഒരു ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. രോഗലക്ഷണങ്ങള്‍ കൂടുതലായപ്പോഴാണ് ആശുപത്രിയില്‍ പോയത്. അതിനു മുന്‍പ് അഞ്ചു ദിവസത്തോളം അയാള്‍ പുറത്ത് ചെലവഴിച്ചു,” ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മരിച്ച ഇരുപത്തി രണ്ടുകാരനെ പ്രവേശിപ്പിച്ച ആശുപത്രി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് സാമ്പിള്‍ അയച്ചിരുന്നു. പരിശോധനയില്‍ വീണ്ടും മങ്കിപോക്‌സ് സ്ഥിരീകരിച്ചു.
മങ്കിപോക്‌സ് ബാധിച്ച് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ മരണമാണിത്. യുവാവിന് മങ്കിപോക്‌സിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മങ്കിപോക്‌സ് മരണനിരക്ക് വളരെ കുറവായതിനാല്‍ മരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്നും കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.