ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ വിശദീകരണവുമായി സംസ്ഥാന ജിഎസ്ടി വകുപ്പ്. തൂക്കി വില്‍ക്കുന്ന അരിയുള്‍പ്പെടെയുളള ഭക്ഷ്യധാന്യങ്ങള്‍ക്കും പയര്‍വര്‍ഗങ്ങള്‍ക്കും ജി എസ് ടി ബാധകമല്ലെന്ന് കേന്ദ്രം. പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം ജി എസ് ടി ബാധകമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതോടെ സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു.
ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി. എന്നാല്‍, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായത്.
ഇതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനു വഴിയൊരുങ്ങി. അഞ്ച് വര്‍ഷം മുന്‍പ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
സാധാരണക്കാരെ ബാധിക്കുന്ന നികുതിവര്‍ധന പാടില്ലെന്ന് ജി എസ് ടി കൗണ്‍സിലില്‍ കേരളം നിലപാടെടുത്തിരുന്നതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു.ജി എസ് ടി നിരക്കുവര്‍ധനയുടെ അടിസ്ഥാനത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. സപ്ലൈകോ വഴിയുമുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
വില കൂടുന്നവ
പാക്കറ്റിലുള്ള തൈരിനും മോരിനുമടക്കം ഇന്ന് മുതല്‍ അഞ്ചുശതമാനം ജിഎസ്ടി
പനീര്‍, ശര്‍ക്കര, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന അരി, ഗോതമ്പുപൊടി, അരിപ്പൊടി എന്നിവയ്ക്ക് അഞ്ചുശതമാനം ജിഎസ്ടി
ബാങ്കുകളില്‍നിന്നുള്ള ചെക്ക് ബുക്കിന് 18% നികുതി
5000 രൂപയിലേറെ ദിവസവാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി
ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് വീട് വാടകയ്ക്കു കൊടുക്കുന്നതിനും നികുതി
സോളര്‍ വാട്ടര്‍ ഹീറ്ററുകളുടെ നികുതി അഞ്ചില്‍നിന്ന് 12 ശതമാനമാകും; ഭൂപടങ്ങള്‍ക്ക് 12%.
എല്‍ഇഡി ലാംപ്, ലൈറ്റ്, വാട്ടര്‍ പമ്പ്, സൈക്കിള്‍ പമ്പ്, അച്ചടി, എഴുത്ത്, വര എന്നിവയ്ക്കുള്ള മഷി, കട്ടിങ് ബ്ലേഡുകളുള്ള കത്തികള്‍, പേപ്പര്‍ മുറിക്കുന്ന കത്തി, പെന്‍സില്‍ ഷാര്‍പ്നറും ബ്ലേഡുകളും, സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയ്ക്ക് 18ശതമാനം നികുതി.