ഇന്ന് കര്‍ക്കിടകം ഒന്ന്. വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കര്‍ക്കിടക മാസാരംഭം. കര്‍ക്കടകത്തില്‍ പൊതുവെ ഇടമുറിയാത്ത മഴയാണ്. സൂര്യകിരണങ്ങള്‍ക്കു ശക്തി കുറയുന്നതിനാല്‍ രോഗാണുക്കള്‍ പെരുകുകയും രോഗസാധ്യത ഏറുകയും ചെയ്യും. കൃഷിപ്പണികളൊന്നും സാധ്യമല്ല. ഉല്‍സവങ്ങളോ ആഘോഷങ്ങളോ മംഗളകര്‍മങ്ങളോ ഇല്ല. അതിനാല്‍ പഞ്ഞക്കര്‍ക്കിടകമെന്ന പേരും ലഭിച്ചു.
തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി മലയാളികള്‍ ഇന്ന് മുതല്‍ കാതോര്‍ക്കും. രാമായണ മാസാചരണം കര്‍ക്കടകത്തിലെ ദുസ്ഥിതികള്‍ നീക്കി മനസ്സിനു ശക്തി പകരാനുള്ള വഴിയാണ്. രാമകഥ ആദ്യന്തം ദുഃഖം നിറഞ്ഞതാണ്. രാമായണം വായിക്കുമ്പോള്‍ അതിലെ ശോകഭാവം നാം ഉള്‍ക്കൊള്ളുകയാണ്. അവതാര പുരുഷനുപോലും വേദനകളിലൂടെ കടന്നു പോകേണ്ടിവന്നു. അതിനു മുന്നില്‍ സാധാരണ മനുഷ്യരുടെ ആകുലതകള്‍ക്ക് എന്തു പ്രസക്തിയാണുള്ളത്? ഈ ചിന്ത തന്നെ നമുക്ക് ആത്മീയ ബലം പകരും. കര്‍ക്കടകത്തിലെ രാമായണ പാരായണത്തിന്റെ ദൗത്യം ഈ ആത്മബലം ആര്‍ജിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുകയെന്നതാണ്.
കര്‍ക്കടകത്തിലുടനീളം ലളിത ജീവിതചര്യയും ശീലമാക്കണം. വരുന്ന ഒരു വര്‍ഷത്തേക്കുള്ള ഊര്‍ജം ആവാഹിക്കാനുള്ള അവസരമാണിത്. പ്രത്യേക ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത കഞ്ഞി, സുഖ ചികില്‍സ, പത്തിലത്തോരന്‍ എന്നിവയൊക്കെ ഇക്കാലത്തു പതിവുണ്ട്. കാലാവസ്ഥാമാറ്റത്തിനനുസരിച്ച് മിതമായ ഭക്ഷണം, വിശ്രമം എന്നിവ അനിവാര്യമാണ്.
കര്‍ക്കടകം ദക്ഷിണായന കാലഘട്ടത്തിന്റെ ആരംഭമാണ്. ഉത്തരായന കാലഘട്ടം ദേവന്മാരുടെ വാസസ്ഥാനവും പുണ്യകാലമാണെന്നും ദക്ഷിണായന കാലം പിതൃക്കളുടെ കേന്ദ്രമാണെന്നുമാണു വിശ്വാസം. പിതൃക്കള്‍ക്ക് വളരെ പ്രിയപ്പെട്ട ദക്ഷിണായന കാലത്തു പിതൃപ്രീതിക്കായി പിതൃതര്‍പ്പണം നടത്തണം. ചന്ദ്രനും സൂര്യനും ഒരേ അക്ഷാംശത്തില്‍ വരുന്ന കര്‍ക്കടകവാവ് ദിനത്തിലാണു തര്‍പ്പണം നടത്തേണ്ടത്.