ഫാക്ട് ചെക്കിംഗ് വെബ്സൈറ്റ് ആയ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്സ് ഗില്‍ഡ്. സുബൈറിനെ ഉടന്‍ വിട്ടയക്കണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുഹമ്മദ് സുബൈറിൻറെ അറസ്റ്റിനെ അപലപിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. സത്യം പറയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു . സുബൈറിന് എതിരായ കേസ് പിൻവലിച്ച് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.. ദില്ലി പൊലീസ് ആണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.’ഇന്ത്യന്‍ പീനല്‍ കോഡിലെ 153, 295 എന്നീ വകുപ്പ് പ്രകാരമാണ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുബൈറും അദ്ദേഹത്തിന്റെ ആള്‍ട്ട് ന്യൂസും നടത്തിയത് വളരെ ശ്രേഷ്ഠമായ മാധ്യമ പ്രവര്‍ത്തനമാണ് എന്നതുകൊണ്ട് തന്നെ ഈ അറസ്റ്റ് അസ്വസ്ഥപ്പെടുത്തുന്നതാണ്,’ എഡിറ്റേഴ്സ് ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ബിജെപിയുടെ വ്യാജ വാർത്താ ഫാക്ടറി ഒരോ ദിവസവും പുറത്തുകൊണ്ടുവന്ന മികച്ച മാധ്യമപ്രവർത്തകനായ സുബൈറിന്റെ അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പടുത്തുന്നതായി തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓബ്രിയാൻ ട്വിറ്റ് ചെയ്തു. എല്ലാ അധികാരവും കയ്യാളുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അടിസ്ഥാനപരമായി ഭീരുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാഹിബുമാരെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ഡൽഹി പൊലീസ് അവരുടെ നട്ടെല്ല് വളയ്ക്കുകയാണെന്ന് തൃണമൂൽ എംപി മഹുവ മോയ്ത്ര ട്വീറ്റ് ചെയ്തു.
വിദ്വേഷ പ്രസംഗം നടത്തുന്നത് കുറ്റകരമല്ല, പക്ഷേ അത് റിപ്പോർട്ടു ചെയ്യുന്നതാണ് ഇവിടെ കുറ്റകരം അതിനാലാണ് സുബൈറിനെ അറസ്റ്റു ചെയ്തതെന്നും ആർജെഡി നേതാവ് മനോജ് ഝാ അഭിപ്രായപ്പെട്ടു. തെലങ്കാന രാഷ്ട്ര സമിതിയും എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയും സുബൈറിന്റെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പടുത്തി.

