കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥ് സ്‌കീമിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചു. കരസേനാ മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് വി ആര്‍ ചൗധരി, ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
പ്രതിരോധമന്ത്രിയുടെ വീട്ടില്‍ വച്ചാണ് നടക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, കേന്ദ്രയുവജനകാര്യ മന്ത്രാലയം പദ്ധതിയെക്കുറിച്ച് വന്‍ പ്രചാരണം നടത്താനും തീരുമാനമായിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ വഴിയായിരിക്കും പ്രചാരണം.
അഗ്‌നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട് സേനയില്‍ നിന്ന് നാല് വര്‍ഷത്തിന് ശേഷം പുറത്ത് വരുന്ന അഗ്‌നിവീര്‍ അംഗങ്ങള്‍ക്ക് പിന്നീട് അര്‍ദ്ധസൈനികവിഭാഗങ്ങളിലടക്കം സംവരണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും പ്രതിഷേധം തണുപ്പിക്കുന്ന മട്ടില്ല.
അതേസമയം, സെക്കന്തരാബാദിലുണ്ടായ പ്രതിഷേധത്തിന്റെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആര്‍മി ട്രെയിനിംഗ് നല്‍കുന്ന സെന്ററിന്റെ നടത്തിപ്പുകാരനായ സുബ്ബ റാവു എന്നയാളെയാണ് ആന്ധ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ റെയില്‍വേ പൊലീസ് ഫോഴ്‌സിന് കൈമാറും. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അഗ്‌നിപഥിനെതിരെ സെക്കന്തരാബാദില്‍ നടന്നത് ആസൂത്രിത പ്രതിഷേധമെന്നാണ് റെയില്‍വേ പൊലീസ് റിപ്പോര്‍ട്ട്. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്താണ് പ്രതിഷേധം നടന്നത്.