ബിജെപി നേതാക്കളുടെ പ്രവാചകന് മുഹമ്മദ് നബിക്ക് എതിരെയുളള അപകീര്‍ത്തി പരാമര്‍ശത്തില്‍ അപലപിച്ചു യുഎസും. ‘രണ്ട് ബിജെപി നേതാക്കളുടെ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഞങ്ങള്‍ അപലപിക്കുന്നു, പ്രവാചകനെ അവഹേളിച്ചവര്‍ക്കെതിരെ ബിജെപി നടപടി സ്വീകരിച്ചതില്‍ സന്തോഷം തോന്നുന്നു’ എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമങ്ങളോട് പറഞ്ഞു.
‘മതസ്വാതന്ത്ര്യവും വിശ്വാസവും ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ വിഷയങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ഉന്നതതലത്തില്‍ നിരന്തരമായി ആശയവിനിമയം നടത്തുന്നുണ്ട്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നത് ഇന്ത്യ പ്രോത്സാഹിപ്പിക്കണമെന്ന് നെഡ് പ്രൈസ് പറഞ്ഞു.
ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു മുന്‍ വക്താവ് നൂപുര്‍ ശര്‍മയുടെ പരാമര്‍ശം. വിവാദമായതോടെ നൂപുര്‍ ശര്‍മയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരന് നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.
സാധാരണയായി ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സമ്പന്ന അറബ് രാജ്യങ്ങളില്‍ നയതന്ത്ര പ്രതിഷേധങ്ങള്‍ക്ക് ഈ പ്രസ്താവനകള്‍ തുടക്കമിട്ടു. ബംഗ്ലാദേശില്‍, പ്രതിഷേധക്കാര്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഔപചാരികമായി അപലപിക്കാന്‍ ആവശ്യപ്പെട്ടു. ഖത്തര്‍ ഉള്‍പ്പെടെയുളള ഗള്‍ഫ് രാജ്യങ്ങളും സംഭവത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെ ഇറാഖ്, ലിബിയ, പാകിസ്താന്, മാലിദ്വീപ് എന്നീ രാജ്യങ്ങളും വിവാദ പരാമര്‍ശത്തിനെതിരെ പ്രസ്താവനയിറക്കി.