കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കയില്‍ വീണ്ടും സംഘര്‍ഷം. രാജ്യ തലസ്ഥാനമായ കൊളംബോയില്‍ സര്‍ക്കാര്‍ വിരുദ്ധ സമരവേദിക്ക് നേരെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ അനുകൂലികള്‍ ആക്രമണം നടത്തി. 16 പേര്‍ക്കു പരുക്കേറ്റതായാണ് വിവരം.
സമരവേദിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെയും ഇവര്‍ ആക്രമിച്ചു. സംഭവത്തിനു പിന്നാലെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
മഹിന്ദയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു സമീപം പ്രതിഷേധ വേദിയായ ‘മൈനഗോഗാമ’യ്ക്കു പുറത്തുവച്ചാണ് ആക്രമണം ഉണ്ടായത്. ടെംപിള്‍ ട്രീസിനു സമീപമുള്ള ടെന്റുകളെല്ലാം ജനക്കൂട്ടം തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിഷേധക്കാരെ ഓടിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധ വേദിയിലേക്ക് ആളുകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ പൊലീസിന് മനുഷ്യച്ചങ്ങല രൂപീകരിക്കേണ്ടിവന്നു. എങ്കിലും അതു മറികടന്നാണ് സര്‍ക്കാര്‍ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചത്. റയട്ട് പൊലീസ് എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്‌സെയുടെ ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്‌സെയ്ക്കു മേല്‍ മഹിന്ദയെ പുറത്താക്കാന്‍ സമ്മര്‍ദ്ദമേറുകയാണ്. സ്വയം പുറത്തുപോകാന്‍ മഹിന്ദ സന്നദ്ധനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആക്രമണം ഉണ്ടായത്.