ഇന്ന് ലോക മാതൃദിനം, ലോകത്തില്‍ പകരം വയ്ക്കാനില്ലാത്ത സ്‌നേഹം
ഇന്ന് മെയ് 8, ലോക മാതൃദിനം. ലോകത്താകമാനമുള്ള സ്‌നേഹത്തിന്റെ സഹനത്തിന്റെ പ്രതീകങ്ങളായ അമ്മമാര്‍ക്കു വേണ്ടിയുള്ള ദിനം. അമ്മമാരോടുള്ള സ്‌നേഹവും ആദരവും ഈയൊരു ദിവസം മാത്രം ഒതുങ്ങുന്നതാണോ എന്ന സംശയം ഉയര്‍ന്നേക്കാം. എന്നാല്‍ ഇന്നത്തെ കാലത്തിന് വളരെ പ്രസക്തിയുള്ള ദിനമാണ് മാതൃദിനം. കാരണം തിരക്കു പിടിച്ച ജീവിതത്തിനിടക്ക് മറന്നു പോകുന്ന പെറ്റു പോറ്റിയ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതല്‍ ഓര്‍ക്കാനൊരു ദിവസമായി നമുക്ക് ഈ ദിനത്തെ കാണാം.
സ്നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിന് മുന്നില്‍ ഇന്ന് ലോകം ഒന്നു ചേരുകയാണ്. നിസ്വാര്‍ഥമായ സ്നേഹം പകരാന്‍ കഴിയുന്ന ഒരേ ഒരാളാണ് അമ്മ. ഈ മാതൃദിനത്തില്‍ തന്റെ അമ്മയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വെക്കുകയാണ് ജനശബ്ദം പത്രത്തിന്റെ ചീഫ് എഡിറ്ററും മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് കമ്മറ്റി പ്രസിഡന്റുമായ സിബ്ഗത്തുള്ള.
”കുഞ്ഞീബിയുമ്മ ഹജ്ജുമ്മ എന്നാണ് എന്റെ ഉമ്മയുടെ പേര്. പതിനഞ്ച് മക്കളെ പ്രസവിച്ചു, ആറ് പെണ്‍മക്കളും ഒമ്പത് ആണ്‍ മക്കളും. അതിലൊരാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. വിദേശത്ത് ഒരു അപകടത്തില്‍ പെട്ട് മരണമടഞ്ഞു. ഷാക്കിര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. വെള്ളിമാടുക്കുന്നിലെ തണ്ണീര്‍ പന്തല്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഉമ്മ അബൂബക്കര്‍ ഹാജിയുടെ ഭാര്യയായിട്ടാണ് ഭൂപതി കുടുബത്തിലേക്ക് കയറി വരുന്നത്. തന്റെ പതിനാലാം വയസിലാണ് ആദ്യ പ്രസവം നടന്നത്. ആമിന എന്നാണ് മൂത്തയാളുടെ പേര്. പതിനഞ്ചാമന്‍ സലീല്‍. ഞാന്‍ ഏഴാമനായിട്ടാണ് ജനിച്ചത്.
മക്കളില്‍ ഏറ്റവും വികൃതി എനിക്കായിരുന്നു. എന്നാല്‍ ഉമ്മ എന്റെ വികൃതികളെ അടക്കിയിരുന്നത് സ്‌നേഹത്തോടെയായിരുന്നു. ക്ഷമയും സഹനശക്തിയുമായിരുന്നു ഉമ്മയുടെ കൈമുതല്‍. എന്റെ ഉപ്പ ഉമ്മയെ ‘ ഉമ്മ’ എന്നാണ് വിളിച്ചിരുന്നത്. അതില്‍ സ്‌നേഹമുണ്ടായിരുന്നു, ബഹുമാനമുണ്ടായിരുന്നു…..ആ വിളി കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഒരിക്കല്‍ പോലും അവര്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അവര്‍ തമ്മിലുള്ള സ്‌നേഹവും ബഹുമാനവുമായിരുന്നു ആ വലിയ കുടുംബത്തിന്റെ നെടുത്തൂണ്‍.
മറ്റുള്ളവരെ സഹായിക്കാന്‍ ഉമ്മയ്ക്ക നല്ല ഉത്സാഹമായിരുന്നു…ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട് എല്ലായ്്‌പ്പോഴും ഉമ്മ അരിയുടെ ഒരു വിഹിതം മാറ്റി വെയ്ക്കുമായിരുന്നു, പാവങ്ങള്‍ക്ക് നല്‍കാന്‍. ജാതി മതഭേദമന്യ എല്ലാവരേയും സഹായിക്കാനുള്ള മനസായിരുന്നു അവര്‍ക്ക്…എല്ലാറ്റിനുമുപരിയായി ആ വലിയ കുടുംബത്തെ കൂട്ടിചേര്‍ക്കുന്ന വലിയൊരു കണ്ണിയായിരുന്നു ഉമ്മ. ഞാന്‍ എപ്പോഴും അത്ഭുതത്തോടെ നോക്കിയിരുന്ന മറ്റൊരു കാര്യം ഉമ്മ ഒരിക്കലും തമാശയ്ക്ക് പോലും ഒരാളെയും കുറ്റം പറയുന്നത് കേട്ടിട്ടില്ല…
ഞങ്ങള്‍ പതിനഞ്ച് പേര്‍ക്കും തുല്യ പരിഗണനയാണ് തന്നിരുന്നത്. മരുമക്കള്‍ വന്നപ്പോള്‍ അവരും ഉമ്മയുടെ മക്കളായി..ഒരു പക്ഷെ ഞങ്ങള്‍ നോക്കിയതിലേക്കാള്‍ കൂടുതലായി മരുമക്കളായിരുന്നു ഉമ്മയെ നോക്കിയത്. അതിഥികളെ ആഹാരം ഊട്ടുന്നതു വളരെ സ്‌നേഹത്തോടെയാണ് … ഉമ്മ നല്‍കുമ്പോ മനസും വയറും നിറയും.. 2017 ഉമ്മ മരിക്കുന്നത്….2019ല്‍ ഉപ്പയും മരണപ്പെട്ടു. 76 വയസ്സു വരെ ഉമ്മ ചെയ്തു വച്ച നന്മകളാണ് ഇന്നും ഞങ്ങള്‍ അനുഭവിക്കുന്നത്.. ഉമ്മ എന്നും അത്ഭുതമാണ്…സ്‌നേഹത്തിന്റെ…. സഹനത്തിന്റെ,… ക്ഷമയുടെ…..മരണം വരെ കടപ്പെട്ടിരിക്കാവുന്ന വ്യക്തികളിലൊരൊള്‍…..ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും എന്റെ മാതൃദിനാശംസകള്‍……