ആസാമിൽ കനത്ത മഴ തുടരുന്നു. ഇന്നലെ ഉണ്ടായ അതിശക്തമായ മഴയിലും കാറ്റിലും 14 പേർ മരിച്ചു. മരിച്ചവരിൽ 3 കുട്ടികളുമുണ്ട്.
ഏകദേശം 20,000 പേരെയാണ് ആസാമിലെ പ്രകൃതിക്ഷോഭം ബാധിച്ചത്. സംസ്ഥാന ദുരന്ത നിവാരണ സേന അധികൃതരുടെ കണക്കനുസരിച്ച് 12 ജില്ലകളിലെ 592 ഗ്രാമങ്ങളിൽ മഴ കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ട് .
കാറ്റിൽ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വീണ് 7400 വീടുകൾ ഭാഗികമായും 840 വീടുകൾ പൂർണമായും തകർന്നു. കൂടാതെ മണ്ണിടിച്ചിലിനെ തുടർന്ന് ഹാഫ്ലോംഗ് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഗതാഗതം തടസപ്പെട്ടിട്ടുമുണ്ട് . ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
ഏപ്രിൽ 18 വരെ അരുണാചൽ പ്രദേശ്, അസം, മേഘാലയ എന്നിവിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മേഘാലയയിലുണ്ടായ ചുഴലിക്കാറ്റിൽ 1000 വീടുകളാണ് ബാധിക്കപ്പെട്ടത്.

