സാഹസികത നിറഞ്ഞ ഒരു ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീലുകാരനായ റാഫേല്‍ സുഗ്നോ ബ്രിഡി. 6,326 അടി(1901 മീറ്റര്‍) ഉയരത്തില്‍ രണ്ട് ഹോട്ട് എയര്‍ ബലൂണുകള്‍ക്കിടയില്‍ കെട്ടിയ കയറിലൂടെ റാഫേല്‍ നടന്ന് കയറിയത് ലോകറെക്കോര്‍ഡിലേക്കാണ്.
ബ്രസീല്‍ സാന്താ കാതറീനയില്‍ പ്രയ ഗ്രാന്‍ഡെയ്ക്ക് മുകളിലൂടെ ബലൂണുകള്‍ക്കിടയിലൂടെ ബന്ധിപ്പിച്ച സ്ലാക്ക്‌ലൈനിലൂടെ 18 മീറ്ററാണ് (59 അടി) റാഫേൽ നടന്നത്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ബുര്‍ജ് ഖലീഫയുടെ ഇരട്ടി ഉയരത്തിലാണ് റാഫേലിന്റെ ആകാശ നടത്തമെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അറിയിച്ചു.
പ്രകടനത്തിന് മുമ്പ് റാഫേല്‍ വേള്‍ഡ് റെക്കോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. റാഫേലിന്റെ വീഡിയോ ഗിന്നസ് വേള്‍ഡ് റെക്കോഡിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു.നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ കണ്ടത്. ഒമ്പത് ലക്ഷത്തിലധികം പേര്‍ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു. നഗ്ന പാദനായാണ് റാഫേല്‍ ബലൂണുകള്‍ക്കിടയിലൂടെ നടക്കുന്നത്. റാഫേലിന്റെ സാഹസികപ്രകടനത്തിന് നിരവധിപേരാണ് പ്രശംസയുമായി എത്തിയത്.