ഉന്നത വിദ്യാഭ്യാസ ധനസഹായം: തീയതി നീട്ടി
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2021 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് 31ന് വൈകിട്ട് അഞ്ചു വരെ നീട്ടി. വിശദവിവരങ്ങൾക്ക്: 0471-2729175.
ദീർഘദൂര യാത്ര സുഖകരമാക്കാൻ കെ.എസ്.ആർ.ടി.സി.യുടെ സ്ലീപ്പർ വോൾവോ തലസ്ഥാനത്തെത്തി
ദീർഘദൂര സർവീസുകൾ നടത്തുന്നതിനായി കെഎസ്ആർടിസി സിഫ്റ്റിനുവേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്ത് എത്തി. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എട്ട് എ.സി. സ്ലീപ്പർ ബസുകളിൽ ആദ്യത്തെ ബസാണ് ആനയറയിലെ കെ.എസ്.ആർ.ടി.സി സിഫ്റ്റ് ആസ്ഥാനത്തെത്തിയത്. സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും ആധുനിക ശ്രേണിയിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി അനുവദിച്ച 50 കോടി രൂപയിൽ നിന്ന് 44.84 കോടി രൂപ ഉപയോഗിച്ച് വാങ്ങുന്ന വിവിധ ശ്രേണിയിൽപ്പെട്ട 100 ബസുകളിലെ ആദ്യ ബസാണ് എത്തിയത്.
ബംഗളൂരു ആസ്ഥാനമായ വി.ഇ കൊമേഴ്സ്യൽ വെഹിക്കിൾ പ്രൈവറ്റ് ലിമിറ്റഡ് (വോൾവോ) ബിഎസ്6 ശ്രേണിയിൽ ഉള്ള ഷാസിയിൽ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ആദ്യത്തെ സ്ലീപ്പർ ബസാണ് തലസ്ഥാനത്ത് എത്തിയത്. ഇന്ധനക്ഷമതയ്ക്കായി നൂതന സംവിധാനമായ ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ സംവിധാനം. സുരക്ഷയ്ക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡറും എബിഎസ് ആൻഡ് ഇബിഡി, ഇഎസ്പി സംവിധാനങ്ങളും സുഖയാത്ര ഉറപ്പാക്കുന്നതിന് എട്ട് എയർ ബെല്ലോയോടുകൂടിയ സസ്പെൻഷൻ സിസ്റ്റം ട്യൂബ് ലെസ് ടയറുകൾ തുടങ്ങിയവ ബസിലുണ്ട്.
ഒരു ബസിന് 1,38,50,000 രൂപയാണു വില വരുന്നത്. 40 യാത്രക്കാർക്കു സുഖകരമായി കിടന്നു യാത്ര ചെയ്യുന്ന രീതിയിൽ സംയോജിപ്പിച്ചിരിക്കുന്ന ബെർത്തുകൾ ബസിലുണ്ട്. ദീർഘദൂര യാത്രക്കാർക്ക് തെല്ലും ക്ഷീണമില്ലാതെ കരുതലോടെ സുരക്ഷിതമായ യാത്രപ്രദാനം ചെയ്യുക എന്നതാണ് ഈ ബസുകൾ സർവ്വീസ് നടത്തുന്നതോടെ കെഎസ്ആർടിസി സിഫ്റ്റ് ലക്ഷ്യമിടുന്നത്.
ഫയദോർ ദസ്തയേവ്സ്‌കിയുടെ 200-ാം ജൻമവാർഷികം ആഘോഷിച്ചു
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിശ്വപ്രസിദ്ധ റഷ്യൻ എഴുത്തുകാരൻ ഫയദോർ ദസ്തയേവ്സ്‌കിയുടെ 200-ാം ജൻമവാർഷികം ആഘോഷിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മനുഷ്യ മനസിന്റെ അതിസങ്കീർണ തലങ്ങളെ അനാവരണം ചെയ്ത ഏഴുത്തുകാരനായിരുന്നു ഫയദോർ ദസ്തയേവ്സ്‌കിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത അനുഭവങ്ങളിലുൂടെ മനുഷ്യ മനസിന്റെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യ മനസുകളുടെ സൂക്ഷ്മ ഭാവങ്ങൾ ഒരു ചിത്രകാരനെപ്പോലെ വരച്ചിടാൻ കഴിയുന്നുവെന്നതാണു മറ്റ് എഴുത്തുകാരിൽനിന്ന് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതെന്നും മന്ത്രി പറഞ്ഞു. മലയാളത്തിലെ പ്രമുഖ പ്രസാധകരുടെ പുതിയ പുസ്തകങ്ങളുടെ ഡിജിറ്റൽ ശേഖരം ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു.
ഫയദോർ ദസ്തയേവ്സ്‌കിയുടെ എഴുത്തും ചിന്തകളും ഈ കാലഘട്ടത്തിലും ഏറെ പ്രസക്തമാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഡോ. കെ.എസ്. രവികുമാർ, സി. അശോകൻ, സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ. ശോഭന, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു. അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
നഴ്സുമാർക്ക് വിസ, ട്രാവൽ ടിക്കറ്റ് വിതരണം
ഒഡെപെക് ബെൽജിയത്തിലെ ഡിഗ്‌നിടാസ് കൺസോർഷ്യവും കൊച്ചിയിലെ ലൂർദ് ആശുപത്രിയുമായി സഹകരിച്ചു നടപ്പാക്കുന്ന അറോറ പദ്ധതിയുടെ ഭാഗമായി ഭാഷാ പരിശീലനം പൂർത്തിയാക്കിയ 22 നഴ്സുമാർക്കുള്ള വിസ, ട്രാവൽ ടിക്കറ്റ് വിതരണ ചടങ്ങ് മാർച്ച് 12നു രാവിലെ 10.30ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. പൊതുവിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.
ദുബായ് ആശുപത്രി ഗ്രൂപ്പിൽ നോർക്ക റൂട്ട്‌സ് വഴി നിയമനത്തിന് അപേക്ഷിക്കാം
ദുബായിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്ക് ഇൻ പേഷ്യന്റ് ഡിപ്പാർട്ടമെന്റ് (ഐ പി ഡി)/ ഒ റ്റി നഴ്‌സ് , ലാബ്/ സിഎസ് എസ് ഡി / ലബോറട്ടറി/ അനസ്‌തേഷ്യ/ മൈക്രോബിയോളജി/ കാർഡിയോളജി ടെക്‌നിഷ്യൻ തുടങ്ങിയ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് നോർക്ക റൂട്ട്‌സ് വഴി അപേക്ഷ ക്ഷണിച്ചു.
ഐ.പി.ഡി വിഭാഗത്തിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷം വരെ സർജിക്കൽ/മെഡിക്കൽ വിഭാഗത്തിൽ പ്രവർത്തി പരിചയമുള്ള പുരുഷൻമാർക്കും ഒ.റ്റി നഴ്‌സ് ഒഴിവിലേക്ക് അഞ്ച് വർഷത്തിന് മുകളിൽ (ഇ.എൻ.ടി/ഒബിഎസ ഗൈനിക്/ഓർത്തോ/പ്ലാസ്റ്റിക് സർജറി/ജനറൽ സർജറി ഒ.ടി) പ്രവർത്തിപരിചയം ഉള്ള സ്ത്രീകൾക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം.
കാർഡിയോളജി ടെക്‌നിഷ്യൻ വിഭാഗത്തിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്ക് മാത്രവും മറ്റ് ടെക്‌നിഷ്യൻ ഒഴിവുകളിലേക്ക് രണ്ടു മുതൽ മൂന്ന് വർഷം വരെ പ്രവർത്തി പരിചയം ഉള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. അപേക്ഷകർ നിർബന്ധമായും ഡി.എച്ച്.എ പരീക്ഷ പാസായിരിക്കണം (അപേക്ഷ സമർപ്പിക്കുന്ന സമയം ഡി.എച്ച്.എ പരീക്ഷാ ഫലത്തിന് കുറഞ്ഞത് ആറ് മാസത്തെ കാലാവധി ഉണ്ടായിരിക്കണം) രണ്ടു മാസത്തിനു മുകളിൽ പ്രവർത്തന വിടവ് ഉണ്ടാവരുത്. 5000 മുതൽ 5500 ദിർഹം വരെ (ഏകദേശം 1 ലക്ഷം മുതൽ 1.13 ലക്ഷം ഇന്ത്യൻ രൂപ) ശമ്പളം ലഭിക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ഡി.എച്ച്എ.
ഉദ്യോഗാർഥികൾ അപ്‌ഡേറ്റ് ചെയ്ത ബിയോഡേറ്റയോടൊപ്പം ഡിഎച്ച്എ പരീക്ഷ ഫലം, യോഗ്യത, പ്രവർത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ പാസ്സ്‌പോർട്ടിന്റെ പകർപ്പ്, ഫോട്ടോ മുതലായവ സഹിതം നോർക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി 2022 മാർച്ച് 20- നകം അപേക്ഷിക്കേണ്ടതാണെന്നു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ നോർക്കറൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ നിന്നും 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ നിന്നും ലഭിക്കും. +91 8802 012345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്ഡ് കോൾ സൗകര്യവും ലഭ്യമാണ്.
അഡീഷണൽ എക്‌സാം 14 മുതൽ
സാങ്കേതിക പരീക്ഷാ കൺട്രോളർ 2022 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നടത്തിയ ഏപ്രിൽ 2021 റിവിഷൻ (15/19) സെമസ്റ്റർ 1 മുതൽ 4 വരെയുള്ള പരീക്ഷ എഴുതുവാൻ സാധിക്കാതെ അഡീഷണൽ എക്‌സാമിന് രജിസ്റ്റർ ചെയ്ത കോവിഡ് പോസിറ്റീവ് അപേക്ഷകർക്ക് മാർച്ച് 14 മുതൽ അഡീഷണൽ എക്‌സാമിനേഷൻ നടത്തും. പരീക്ഷാ ടൈംടേബിൾ www.sbte.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
പ്രൊജക്ട് ഓഫിസർ താത്ക്കാലിക ഒഴിവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം കെക്‌സ്‌കോൺ ഓഫീസിൽ പ്രോജക്ട് ഓഫീസറുടെ താത്ക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. 57 വയസിൽ കവിയാത്തതും (01 ഏപ്രിൽ 2022ന്) ആർമി/ നേവി/ എയർഫോഴ്‌സ് ഇവയിലേതിലെങ്കിലും കുറഞ്ഞത് 15 വർഷത്തെ ജോലി പരിചയവും, ക്ലറിക്കൽ ആൻഡ് കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രോജക്ട് മാനേജ്‌മെന്റിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന നൽകും. കരാർ അടിസ്ഥാനത്തിലാകും നിയമനം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാകും നിയമനം നടത്തുക. 27,000 രൂപയാണ് വേതനം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ വിലാസം, ഫോൺ നമ്പർ, യോഗ്യത തെളിയിക്കുന്ന/ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ‘Director, Sainik Welfare & MD KEXCON, Kerala State Ex-Servicemen Corporation, TC-25/ 838, Opp. Amritha Hotel, Thycaud, Thiruvananthapuram- 695014’ എന്ന വിലാസത്തിൽ മാർച്ച് 17ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കണം. ഫോൺ: 0471-2320772/ 2320771.
നാഷണൽ ലോക് അദാലത്ത് ഒരുക്കങ്ങൾ പൂർത്തിയായി
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മാർച്ച് 12ന് നടത്തുന്ന നാഷണൽ ലോക് അദാലത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ കെ.വിദ്യാധരൻ അറിയിച്ചു. തിരുവനന്തപുരം ജില്ലാ കോടതി സമുച്ചയത്തിൽ തയ്യാറാക്കിയിട്ടുള്ള 15 ബൂത്തുകളിലായാണ് അദാലത്ത് നടത്തുക. വിവിധ ദേശസാൽകൃത – സ്വകാര്യ ബാങ്കുകളുടെ പരാതികൾ, കോടതികളിൽ നിലനില്ക്കുന്ന സിവിൽ കേസുകൾ, ഒത്തുതീർപ്പാക്കാൻ പറ്റുന്ന ക്രിമിനൽ കേസുകൾ, മോട്ടോർ വാഹന തർക്കപരിഹാര കേസുകൾ, കുടുംബ കോടതികളിലെ കേസുകൾ,വൃദ്ധജനങ്ങളുടെ ട്രിബുണലിൽ ഉള്ള പരാതികൾ, ബി.എസ്.എൻ.എല്ലിന്റെ പരാതികൾ, കോടതിയിലെത്താത്ത വ്യക്തികളുടെ പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കും.
അദാലത്ത് ദിവസം തിരുവനന്തപുരത്തെ മജിസ്‌ട്രേറ്റ് കോടതികൾ പിഴ അടച്ചു ശിക്ഷ വിധിക്കാവുന്ന കേസുകൾക്കായി പ്രത്യേക സിറ്റിംഗും നടത്തും .പിഴയടക്കാൻ തയ്യാറുള്ളവർ അതതു മജിസ്‌ട്രേറ്റ് കോടതികളിൽ എത്തണം. പിഴ അഭിഭാഷകർ മുഖാന്തിരമോ നേരിട്ടോ അടക്കാം
ലേഖന മത്സരം
ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ലേഖന മത്സരം നടത്തുന്നു. ”ഉപഭോക്തൃ സംരക്ഷണ നിയമം- 2019 പ്രത്യാശകള്‍” എന്ന വിഷയത്തിലുള്ള ലേഖനം പേര്, ക്ലാസ്സ്, ഫോണ്‍ നമ്പര്‍, പഠിക്കുന്ന കോളേജിന്റെ പേര് എന്നിവ സഹിതം doskozhikode@gmail.com-ല്‍ മാര്‍ച്ച് 14 വൈകീട്ട് മൂന്നിനകം ലഭിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0495-2370655.
ക്വട്ടേഷന്‍ ക്ഷണിച്ചു
തിരുത്തിയാട് കേരള സംസ്ഥാന നിര്‍മിതി കേന്ദ്രം, കോഴിക്കോട് സെന്ററില്‍ നടത്തുന്ന മോഡേണ്‍ പെയിന്റിംഗിന്റെ ആവശ്യത്തിന് വേണ്ടി പെയിന്റിന്റെ (അപെക്സ്- 40 ലിറ്റര്‍, ഇനാമല്‍- 20 ലിറ്റര്‍) ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0495- 2772394, 8111882869.
പി.എസ്.സി അഭിമുഖം 16ന്
പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്.എ എന്‍.സി.എ- (കാറ്റഗറി നമ്പര്‍ 175/2020) തസ്തികയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 16 രാവിലെ 9.30നും, യു.പി.എസ്.എ എന്‍.സി.എ – ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പര്‍ 179/2020) തസ്തികയ്ക്ക് അപേക്ഷിച്ചവര്‍ക്ക് രാവിലെ 10 മണിക്കും, യു.പി.എസ്.എ എന്‍.സി.എ- വിശ്വകര്‍മ്മ (കാറ്റഗറി നമ്പര്‍ 181/2020) തസ്തികയ്ക്ക് അപേക്ഷിച്ചവര്‍ക്ക് മാര്‍ച്ച് 16 രാവിലെ 10.30നും, കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371971
കണ്‍സള്‍ട്ടന്റ് സൈക്യാട്രി: പേര് രജിസ്റ്റര്‍ ചെയ്യണം
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രി തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ് വിത്ത് ടിസിഎംസി റജിസ്ട്രേഷന്‍, പിജി ഡിഗ്രി/ സൈക്യട്രിയില്‍ ഡിപ്ലോമ. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 21 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2376179.
പതാക വില്‍പ്പന: കുടിശ്ശിക 18നകം ഒടുക്കണം
ജില്ലാതല സായുധസേനാ പതാക നിധി സമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്ത സായുധ സേനാ പതാകകളുടെ വില്‍പ്പന തുക കുടിശ്ശികയാക്കിയ ഓഫീസുകളുടെ മേലധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍/ പ്രധാനാധ്യപകര്‍ എന്നിവര്‍ നിലവിലുള്ള മുഴുവന്‍ കുടിശ്ശിക തുകയും മാര്‍ച്ച് 18നകം സര്‍ക്കാരിലേക്ക് ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
താത്പര്യപത്രം ക്ഷണിച്ചു
കോഴിക്കോട് ബീച്ചില്‍ പാരഗ്ലൈഡിങ് /പാരാമോട്ടോര്‍ ആക്ടിവിറ്റീസ് നടത്തിപ്പിനും ജില്ലയിലെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനും ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തിയ്യതി: മാര്‍ച്ച് 21 വൈകീട്ട് മൂന്ന് മണി. വിവരങ്ങള്‍ക്ക്: www.dtpckozhikode.com, ഫോണ്‍: 0495 2720012.
ലോട്ടറി ഏജന്റുമാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഏജന്റുമാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് മാര്‍ച്ച് 17 വൈകുന്നേരം 3 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ രണ്ടായിരത്തില്‍ കൂടുതല്‍ ടിക്കറ്റെടുക്കുന്ന മുഴുവന്‍ ഏജന്റുമാരും പങ്കെടുക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
വെറ്ററിനറി ഡോക്ടര്‍ നിയമനം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും വെറ്ററിനറി സയന്‍സില്‍ ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 16 രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 0495 2768075
കിറ്റ്സില്‍ എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ ട്രാവല്‍ ആന്റ് ടൂറിസം കോഴ്സിന് 2022-24 അധ്യായന വര്‍ഷത്തേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.ഇയുടെയും അംഗീകാരത്തോടെയാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും KMAT/CMAT യോഗ്യത ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kittsedu.org, 9446529467/ 0471-2329539, 2327707.
പി.എന്‍.എക്‌സ്. 1038/2022
മുള കൃഷിക്ക് സഹായം
കേന്ദ്ര സര്‍ക്കാരിന്റെ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫെയര്‍ മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ ബാംബു മിഷന്റെ സഹായത്തോടെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുള കൃഷിക്കും അനുബന്ധ പദ്ധതികള്‍ക്കും സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന ബാംബു മിഷനില്‍ അപേക്ഷ നല്‍കാം. വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി മാര്‍ച്ച് 25ന് മുമ്പായി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സംസ്ഥാന ബാംബു മിഷന്‍ (കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍), വിദ്യാനഗര്‍, പോലിസ് ഗ്രൗണ്ടിന് എതിര്‍വശം, തൈക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0471-2321882, 2322883. പദ്ധതിയുടെ വിശദമായ മാര്‍ഗ്ഗരേഖ www.keralabamboomission.org, www.keralaindustry.org എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്. 1039/2022