തിരുവനന്തപുരം പേട്ടയിൽ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേർന്ന് ഗൂഡാലോചന നടത്തി ലിംഗം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്തിമറിപ്പോർട്ട്. സംഭവ ദിവസം പെണ്‍കുട്ടിയും സുഹൃത്ത് അയ്യപ്പദാസും കൊല്ലത്തെ ബീച്ചില്‍ പദ്ധതി തയ്യാറാക്കി. കത്തി വാങ്ങി നല്‍കിയത് അയ്യപ്പദാസ് ആണെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാണെന്ന് കണ്ടതോടെയാണ് ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടത്. കേസില്‍ ഇരുവരേയും പ്രതി ചേര്‍ക്കാന്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരിക്കുകയാണ്. കണ്ണമ്മൂലയിലെ പെണ്‍കുട്ടിയുടെ വിട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മെയ് 20ന് രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. സ്വാമി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിടെ ലിംഗം മുറിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യ പരാതി.ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ സ്വാമിയെ മാത്രം പ്രതിയാക്കിയാണ് നേരത്തെ പൊലീസ് കേസെടുത്തിരുന്നത്. സംഭവത്തിൽ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. വിവാദം ശക്തമാകുന്നതിനിടെ കേസിൽ വീണ്ടും വഴിത്തിരിവുണ്ടായി. ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും താനല്ല കൊല്ലാൻ ശ്രമിച്ചതെന്നും കാണിച്ച് പെൺകുട്ടി പൊലീസിനെ സമീപിച്ചു. സ്വാമിയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതി നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോഴും പരാതിക്കാരി ഗംഗേശാനന്ദയ്ക്ക് അനുകൂലമായി മൊഴി നൽകി.സ്വാമിയെ ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ചിൻ്റെ നിഗമനം.