വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഹൃദയം സിനിമയുടെ റിലീസ് മാറ്റുന്നു എന്ന് തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഈ അഭ്യൂഹങ്ങളെയെല്ലാം തള്ളി സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുയാണ്.സിനിമയുടെ റിലീസ് തീരുമാനത്തിൽ നിലവിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗൺ, സൺഡേ കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങൾ വരാത്ത പക്ഷം സിനിമ നിശ്ചയിച്ച ദിവസം തന്നെ റിലീസ് ചെയ്യുമെന്ന് വിനീത് ഫേസ്ബുക്കിലൂടെ അറിയിച്ചു. ജനുവരി 21നാണ് സിനിമയുടെ റിലീസ്.
വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
‘ഹൃദയം ജനുവരി 21-ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ക് ഡൗൺ, സൺഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാൽ, ജനുവരി 21-ന് തന്നെ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ എത്തും. റിലീസ് മാറ്റി വെച്ചു എന്ന വാർത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ്.
പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. മെറിലാന്റ് സിനിമാസ് ബാനറിൽ – വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം.