പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയർത്താനുള്ള ബിൽ തിങ്കളാഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കവേ കേന്ദ്രനീക്കത്തിനെതിരെ എതിർപ്പുമായി കോൺഗ്രസും രംഗത്തെത്തി . പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന ബിജെപി സർക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോൺഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ മറ്റ് അജണ്ടകൾ ഉണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ബില്ലിനെ എതിർക്കണമെന്നാണ് കോൺഗ്രസിലെ ഭൂരിപക്ഷ നിലപാട്. ഇക്കാര്യത്തിൽ ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും വേണുഗോപാൽ അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വനിത ശാക്തീകരണം ബില്ലിലൂടെ ഉണ്ടാകില്ലെന്നതാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
പാർലമെന്റിൽ ബില്ലിനെ എതിർത്ത് വോട്ടു ചെയ്യുമെന്ന് സമാജ് വാദി പാർട്ടിയും എംഐഎമ്മും അറിയിച്ചു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നീങ്ങുന്ന ബിജെപിയെ എതിർക്കാനാണ് സമാജ് വാദി പാർട്ടിയുടെ തീരുമാനം നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാർട്ടികളും എതിർപ്പ് പരസ്യമാക്കിയിരുന്നു. ദില്ലിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിനെത്തിയ കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവർത്തിച്ചു. വിപുലമായ ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം മാത്രം വിഷയത്തില്‍ നിലപാട് സ്വീകരിക്കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.