ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി ജില്ലയിൽ ബസ് കനാലിലേക്ക് മറിഞ്ഞ് 5 സ്ത്രീകൾ ഉൾപ്പെടെ 9 പേർ മരിച്ചു. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് റോഡിൽ നിന്ന് തെന്നി കനാലിലേക്ക് മറിയുകയായിരുന്നു.
ജല്ലേരു വാഗു കനാലിലേക്കാണ് ബസ് മറിഞ്ഞത് . ബസിൽ 47 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരിൽ ഡ്രൈവറും ഉൾപ്പെടുന്നു. അശ്വറൊപേട്ടയിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്നു ബസ്.
അപകടത്തിൽ ആന്ധ്രാപ്രദേശ് ഗവർണർ ബിശ്വ ഭൂഷൺ ഹരിചന്ദൻ ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് അടിയന്തര സഹായം എത്തിക്കാൻ ഗവർണർ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം തുടരുകയാണ്.