സുരേഷ് ഗോപി നായകനായി തിയേറ്ററുകളിലെത്തിയ കാവൽ അടുത്ത വാരം മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് നീട്ടിയിരിക്കുകാണ്. ഡിസംബർ 23 ന് റിലീസ് ചെയ്യുമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ഡിസംബർ 27 നേക്ക് റിലീസിംഗ് തിയതി മാറ്റി.
ഡിസംബർ 24ന് ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളി റിലീസ് ചെയ്യുന്നുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് സിനിമകൾ റിലീസ് ചെയ്യണ്ട എന്ന തീരുമാനത്തിനാലാണ് കാവൽ തീയതി നീട്ടിവെച്ചിരിക്കുന്നത്.
നിധിന് രഞ്ജി പണിക്കർ സംവിധാനം ചെയ്ത കാവൽ കഴിഞ്ഞ മാസമാണ് തിയേറ്റർ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടിയ ചിത്രത്തിൽ തമ്പാൻ എന്ന കഥാപാത്രത്തെയാണ് സുരേഷി ഗോപി അവതരിപ്പിച്ചിരിക്കുന്നത്. . പഞ്ച് ഡയലോഗുകളും മാസ്സ് സീക്വന്‍സുമുള്ള നായക കഥാപാത്രത്തെ ഒരു ഇടവേളക്ക് ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന് രാജന് പി ദേവ് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഛായഗ്രഹണം നിഖില്‍ എസ് പ്രവീണ്‍ നിര്‍വ്വഹിച്ചിരിക്കുന്നു. കല-ദിലീപ് നാഥ് മേക്കപ്പ്-പ്രദീപ് രംഗൻ.