വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകിയ സംഭവത്തിൽ മുംബൈയിലെ നായർ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും ഒരു നഴ്സിനെയും സസ്പെൻഡ് ചെയ്തു. നാല് മാസം പ്രായമുള്ള കുഞ്ഞ് അത്യാഹിത വിഭാഗത്തിൽ ഡോക്ടർമാർ ഇല്ലാത്തതിനാൽ വേദന കൊണ്ട് പുളയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കുഞ്ഞ് അന്ന് തന്നെ മരിക്കുകയും ചെയ്തു.
മനസാക്ഷിയുള്ളവർക്കാർക്കും കണ്ടു നിൽക്കാനാകില്ലായിരുന്നു കുഞ്ഞിന്റെ പ്രാണ വേദന. ഇക്കഴിഞ്ഞ 30ന് വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ദുരന്തത്തിന്‍റെ തുടക്കം. നാല് മാസം പ്രയമുള്ള കുഞ്ഞിനും അച്ഛനും ഗുരുതരമായി പൊള്ളലേറ്റു. അമ്മയും 5 വയസുള്ള സഹോദരനും കൂടെ പൊള്ളലേറ്റിരുന്നു. എന്നാൽ അവരുടെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് മാത്രം. അത്യാഹിത വിഭാഗത്തിലേക്ക് എല്ലാവരെയും വേഗം എത്തിച്ചു. പക്ഷെ ചികിത്സമാത്രം എത്തിയില്ല.
കുഞ്ഞ് ഒരു മണിക്കൂറോളം ഈ നരകയാതന തുടർന്നെന്നാണ് ബന്ധുക്കൾ പറയുന്നത്. ഡോക്ടർമാരെ
അന്വേഷിച്ചപ്പോൾ വീട്ടിലാണെന്നായിരുന്നു ലഭിച്ച വിവരം. പിന്നീട് കസ്തൂർബാ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ കുഞ്ഞ് മരിച്ചു.
കുഞ്ഞിന്റെ വീഡിയോ പുറത്ത് വന്നതോടെ പ്രതിഷേധം കനത്തു. ബിജെപി കോർപ്പറേറ്റർമാർ കോർപ്പറേഷൻ പൊതുജനാരോഗ്യ കമ്മറ്റിയിൽ നിന്ന് രാജിവച്ചു. തെരുവിലേക്കും പ്രതിഷേധം വ്യാപിച്ചേക്കുമെന്ന ഘട്ടത്തിൽ ഒടുവിൽ നടപടിയായി. വീഴ്ച വരുത്തിയവർക്ക് സസ്പെൻഷൻ നൽകി.സംഭവം അന്വേഷിക്കാൻ ഒരു കമ്മീഷനെയും കോർപ്പറേഷൻ നിയോഗിച്ചു