പാര്‍ലമെന്റിൽ ശീതകാല സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഗാന്ധിപ്രതിമക്ക് മുമ്പില്‍ പ്രതിപക്ഷം ധര്‍ണ ആരംഭിച്ചു.
സസ്‌പെന്‍ഡ് ചെയ്ത എംപിമാര്‍ പാര്‍ലമെന്റില് ഇന്ന് പത്തു മുതല്‍ വൈകീട്ട് ആറുവരെയാണ് ധര്‍ണയിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ചയില്ലാതെ പിന്‍വലിച്ചതില്‍ അതൃപ്തി പ്രപകടിപ്പിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച 12 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ ഇന്നും പാർലമെൻറ് പ്രക്ഷുബ്ധമാകും. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖർഗെ വീണ്ടും രാജ്യസഭ അദ്ധ്യക്ഷന് കത്തു നല്കി.
എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവം കോടതിയില്‍ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കളുടെ തീരുമാനം.
എംപിമാര്‍ ഖേദം പ്രകടിപ്പിക്കുന്ന പക്ഷം നടപടി പിന്‍വലിക്കാമെന്നായിരുന്നു സഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവിന്റെ പ്രതികരണം. എന്നാല്‍ എംപിമാര്‍ ഇത് നിരസിച്ചതോടെ ചെയര്‍മാന്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നതിനുള്ള അപേക്ഷ നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് നടപടിയില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ എംപിമാര്‍ വാക്കൗട്ട് നടത്തി.
കോണ്‍ഗ്രസ് എംപിമാരായ ഫുലോ ദേവി നേതം, ഛായാ വര്‍മ, ആര്‍ ബോറ, രാജാമണി പട്ടേല്‍, സയ്യിദ് നാസിര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, സിപിഎമ്മിന്റെ എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോള സെന്‍, ശാന്താ ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍.