കനത്ത മഴയിലും പ്രളയത്തിലും ആന്ധ്രാ പ്രദേശിലെ ഡാമിനു വിള്ളൽ രൂപപ്പെട്ടതോടെ പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം.ചരിത്ര പ്രധാനമായ റായല ചെരുവ് ജലസംഭരണിയില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വളരെ പഴക്കമേറിയ ബണ്ടാണിത്. ആന്ധ്രപ്രദേശിലെ ഏറ്റവും വലിയ ജലസംഭരണികൂടിയാണിത്. തിരുപ്പതിയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ ദൂരത്തിലാണ് ബണ്ട് സ്ഥിതി ചെയ്യുന്നത്.ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബണ്ടില്‍ ചോര്‍ച്ച തുടങ്ങിയത്. ജില്ലാ കലക്ടർ ഹരി നാരായണൻ, പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തു പരിശോധന നടത്തി. ജലസംഭരണി അപകടാവസ്ഥയിലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. വിള്ളലും ചോർച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു.
ബണ്ടില്‍ നിലവില്‍ 0.9 ടിഎംസി അടി വെള്ളമാണ് ഉള്ളത്. 0.6 ടിഎംസി അടി വെള്ളം സംഭരിക്കാനുള്ള ശേഷിയേ ബണ്ടിനുള്ളൂ. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്ധ്രപ്രദേശില്‍ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയില്‍ ജലസംഭരണിയിലേക്ക് വെള്ളത്തിന്റെ കുത്തൊഴുക്കാണ്. സമീപകാലത്തായി ആദ്യമായിട്ടാണ് ഇത്രയധികം വെള്ളത്തിന്റെ ഒഴുക്കുണ്ടാകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.