കോവിഡ് തകര്‍ത്ത ജീവിതങ്ങളെ ആസ്പദമാക്കി യുവ എഴുത്തുകാരന്‍ മിഥുന്‍ വിജയ് കുമാര്‍ രചിച്ച ഏറ്റവും പുതിയ പുസ്തകം ‘നിരാശയുടെ കോവിഡ് താഴ്‌വാരങ്ങളിലൂടെ’ പുറത്തിറങ്ങി. കോവിഡ് മഹാമാരിയില്‍ പെട്ട് വഴിമുട്ടിപ്പോയ ജീവിതങ്ങളെ ഉള്‍ക്കൊള്ളിച്ച് ഭാവനയ്ക്കപ്പുറം യാഥാര്‍ത്ഥ്യത്തോടൊപ്പം നിന്നുകൊണ്ട് തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ‘നിരാശയുടെ കോവിഡ് താഴ്‌വാരങ്ങളിലൂടെ’. വെറും രണ്ടോ മൂന്നോ വര്‍ഷങ്ങളുടെ കാലയളവില്‍ നമുക്ക് വന്നിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു.
എഴുത്തുകാരന്റെ വാക്കുകളിലേക്ക്,
അധികം നീളാത്ത കാത്തിരിപ്പിന് ശേഷം എന്റെ പുസ്തകം ഇറങ്ങി എന്ന വാര്‍ത്ത എന്റെ എല്ലാ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഈ പുസ്തകം യാഥാര്‍ഥ്യമാക്കുവാന്‍ എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഓരോ ജില്ലയിലും എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തന്ന സുഹൃത്തുക്കളോടും തങ്ങളുടെ ജീവിത കഥകള്‍ ഞാനുമായി പങ്കുവെച്ചവര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നു.
കോവിഡ് തകര്‍ത്തു കളഞ്ഞ ജീവിതങ്ങളും വ്യവസായങ്ങളും നമുക്ക് ചുറ്റുമുണ്ട്. പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങള്‍ അപരിഹാര്യമായ നിലയില്‍ തകര്‍ന്നു കഴിഞ്ഞു. ജീവിതം സാധാരണ നിലയിലേക്ക് എത്തിയെന്നു നാം വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോഴും ജീവിതത്തിലെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും കെട്ടടങ്ങിയിരിക്കുന്ന പത്തു ജീവിതങ്ങളെ ആണ് ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. അവരുടെ കണ്ണീരും നിരാശയും പ്രാര്‍ഥനയും ആണ് ഈ പുസ്തകത്തിലെ ഓരോ ഏടുകളിലും വരച്ചു കാട്ടാന്‍ ശ്രമിച്ചിരിക്കുന്നത്. തെരുവ് ഗായകനും ആയോധന കലാ പരിശീലകനും ഫോട്ടോഗ്രാഫറും പാരലല്‍ കോളേജ് അധ്യാപകനും അവരുടെ കഥകള്‍ പറയുന്നു. സര്‍ക്കാര്‍ ഈ ജീവിതങ്ങളില്‍ ഇടപെടേണ്ടത് ഏതു തരത്തില്‍ എന്ന നിര്‍ദ്ദേശം മുന്നോട്ടു വെക്കുന്നു. സാധാരണ നിലയിലേക്ക് അല്ല നമ്മുടെ ജീവിതം എത്തിയിരിക്കുന്നതു അസാധാരണമായ സാധാരണ നിലയിലാണ് ഇന്ന് ലോകം. നിരവധി ആനുകൂല്യങ്ങളുടെ പരിലാളനയില്‍ ജീവിക്കുന്നവരെ പോലെയല്ല സാധാരണയില്‍ സാധാരണ ജീവിതം നയിക്കുന്ന ഈ മനുഷ്യര്‍. സാധാരണ മനുഷ്യരുടെ ജീവിതത്തെ ഏതൊക്കെ തരത്തിലാണ് ഈ മഹാമാരി കശക്കി എറിഞ്ഞതെന്ന് ഞാന്‍ ഈ പുസ്തകത്തില്‍ വരച്ചിടാന്‍ ഒരു ശ്രമം നടത്തിയിരിക്കുകയാണ്. ജീവിക്കാനായി മത്സ്യ വില്‍പ്പനയ്ക്ക് ഇറങ്ങിയ ദൈവത്തെയും നിങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ കാണാം.