അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കുറഞ്ഞത് 85 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 13 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 18 പേര്‍ക്ക് ഗുരുതര പരുക്കേറ്റതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു. അമേരിക്കന്‍ സൈന്യത്തേയും അവരുടെ അഫ്ഗാന് പങ്കാളികളേയും ലക്ഷ്യം വച്ചായിരുന്നു സ്ഫോടനമെന്ന് ഐഎസ് വ്യക്തമാക്കി. എന്നാല്‍ രണ്ടാമത് നടന്ന സ്ഫോടനത്തെക്കുറിച്ച് പ്രസ്താവനയില്‍ സ്ഥിരീകരണമില്ല.
ബോംബാക്രമണം നടത്തിയ വ്യക്തിക്ക് താലിബാന് ചെക്ക്പോസ്റ്റ് മറികടന്ന് യുഎസ് സൈനികരുടെ അഞ്ച് മീറ്റര്‍ അകലെ വരെ എത്താന്‍ സാധിച്ചതായും ഐഎസ് അവകാശപ്പെടുന്നു. കൊല്ലപ്പെട്ടവരില്‍ താലിബാന് അംഗങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. അമേരിക്കയുമായി സമാധാന ഉടമ്പടിക്ക് തയാറാകുന്നത് രാജ്യദ്രോഹമായിക്കണ്ടാണ് ഐഎസ് താലിബാനുമായി ഏറ്റുമുട്ടിയത്.
അതേസമയം, കാബൂള്‍ വിമാനത്താവളത്തില്‍ ഉണ്ടായ ഇരട്ട സ്ഫോടനങ്ങള്‍ നടത്തിയവരോട് അമേരിക്ക ക്ഷമിക്കില്ലെന്നും വേട്ടയാടുമെന്നും പ്രസിഡന് ജോ ബൈഡന് പറഞ്ഞു. സംഭവത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസിന് തിരിച്ചടി നല്‍കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ ബൈഡന് പെന്റഗണിന് നിര്‍ദേശം നല്‍കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.