കുന്ദമംഗലം പഞ്ചായത്തിന്റെ അടിസ്ഥാന പ്രശ്‌നം മാലിന്യങ്ങളാണെന്ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ ശുചിത്വ പദവി ലഭിക്കാത്ത പഞ്ചായത്താണ് കുന്ദമംഗലമെന്നും നിലവിലെ ഭരണസമിതിയുടെ മുഖ്യ അജണ്ട പരിസ്ഥിതി സൗഹൃദ പഞ്ചായത്താക്കി കുന്ദമംഗലത്തെ മാറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജനശബ്ദവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് പഞ്ചായത്ത് മുഖ്യമായും ലക്ഷ്യം വെക്കുന്നത്. അതിന്റെ ഭാഗമായി ജൈവ, അജൈവ മാലിന്യങ്ങള്‍ പ്രത്യേകം വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നത്. ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിച്ച് കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗപ്രദമായ രീതിയിലേക്ക് മാറ്റും. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ 23 വാര്‍ഡുകളിലേക്കും 46 അംഗങ്ങളുള്ള ഹരിത കര്‍മ്മ സേന രൂപീകരിച്ച് അവര്‍ക്കുള്ള പരിശീലനങ്ങളും നല്‍കി കഴിഞ്ഞു. കൃത്യമായ സമയക്രമത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ മാലിന്യം ശേഖരിക്കുകയും കാരന്തൂരില്‍ ഒരുക്കിയിട്ടുള്ള MCF (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) സെന്ററിലേക്ക് മാറ്റുകയും ചെയ്യും. പിന്നീടവ വേര്‍തിരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ അയക്കും. വയനാട് റോഡില്‍ BSNL ഭാഗത്തു നിന്നും മുക്കം റോഡില്‍ വിജയന്‍ പടി ഭാഗത്തു നിന്നും കോഴിക്കോട് റോഡില്‍ IIM ഗേറ്റ് ഭാഗത്തു നിന്നും ടൗണ്‍ കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ സംഭരിക്കും. മാലിന്യ സംഭരണത്തിനായി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പ്രത്യേക വാഹനവും ലഭ്യമാക്കിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
ജൈവ മാലിന്യ സംസ്‌കരണത്തിനായി തുമ്പൂര്‍മുഴി മോഡല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായി IIM, CWRDM, മാത്തമാറ്റിക് സ്‌കൂള്‍, ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം, കുന്ദമംഗലം ടൗണ്‍ എന്നീ അഞ്ചിടങ്ങളില്‍ യൂണിറ്റുകള്‍ സജ്ജമാക്കും.
കുന്ദമംഗലം ടൗണ്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിക്കാന്‍ ബോട്ടില്‍ ബൂത്തുകളും ജനകീയ, വ്യാപാരി പങ്കാളിത്തത്തോടെ പൂന്തോട്ടങ്ങളും സ്ഥാപിക്കും.
ഇതു കൂടാതെ കാരന്തൂര്‍, പടനിലം എന്നിവിടങ്ങളില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങളും കുന്ദമംഗലം ടൗണില്‍ സ്ത്രീകള്‍ക്കു മാത്രമായി കംഫര്‍ട്ട് സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും ചന്ദ്രന്‍ തിരുവലത്ത് പറഞ്ഞു.
ഗാന്ധി ജയന്തി ദിനത്തോടെ പദ്ധതി പൂര്‍ണ്ണമായും നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.