സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങക്ക് ഇളവ് നൽകിയപ്പോൾ മുന്നോട്ട് വെച്ച ഒരു നിർദേശമായിരുന്നു കടയിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ഫലമോ വേണമെന്നത്. ഈ നിർദേശത്തിനെതിരെ വ്യാപക വിമർശനങ്ങൾ വന്നു എങ്കിലും നിർദേശം പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. സംസ്ഥാനത്തെ ഭൂരിഭാഗം പേർക്കും വാക്സിൻ ലഭിച്ചിട്ടില്ല എന്നതാണ് വിമർശനത്തിന്റെ കാരണം.
അതേസമയം, ഇനി വാക്സിൻ ലഭിച്ചവർ കടയിൽ പോകുേമ്പാൾ സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നാൽ വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെ അതിന് ഉടനടി പരിഹാരം കാണാനാകും.കേന്ദ്ര സർക്കാർ സജ്ജീകരിച്ച നമ്പറിലേക്ക് സന്ദേശമയച്ചാൽ നിമിഷങ്ങൾക്കുള്ളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പി.ഡി.എഫായി ലഭിക്കും.
കേന്ദ്ര ഐ.ടി വകുപ്പിന് കീഴിലെ ‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണിത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്ട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് ഈ സേവനം ലഭ്യമാവുക.
സർട്ടിഫിക്കറ്റ് ലഭിക്കാൻ ചെയ്യേണ്ടത്:
- 90 13 15 15 15 എന്ന നമ്പർ മൊബൈൽ ഫോണിൽ സേവ് ചെയ്യുക.
- ഈ നമ്പർ വാട്ട്സ്ആപ്പിൽ തുറന്ന് Download certificate എന്ന സന്ദേശമയക്കുക.
- ഒ.ടി.പി നമ്പർ ഉടൻ ലഭിക്കുമെന്ന സന്ദേശം വാട്ട്സ്ആപ്പിൽ ലഭിക്കും.
- തുടർന്ന് ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പർ വാട്ട്സ്ആപ്പിൽ നൽകുക.
- ഒ.ടി.പി നമ്പർ സ്ഥിരീകരിക്കുന്നതോടെ പ്രസ്തുത മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെ പേര് വിവരം ലഭിക്കും.
- ആരുടെയാണോ ഡൗൺലോഡ് ചെയ്യേണ്ടത് അതിന് നേരെയുള്ള നമ്പർ നൽകിയാൽ പി.ഡി.എഫ് രൂപത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കും.
- ഇതിന് പുറമെ Menu എന്ന സന്ദേശമയച്ചാൽ കൂടുതൽ സേവനങ്ങളും ലഭ്യമാണ്.
കോവിഡുമായി ബന്ധപ്പെട്ട സംശയദൂരീകരണം, നിർദേശങ്ങൾ തുടങ്ങിയ സേവനങ്ങളാണ് ഇവിടെ ലഭിക്കുക.