ചൈനയുടെ കിഴക്കന്‍ സെജിയാങ് പ്രവിശ്യയില്‍ ഇന്‍-ഫാ ചുഴലിക്കാറ്റില്‍ വ്യാപക നാശം. സെക്കന്‍ഡില്‍ 38 മീറ്റര്‍ വരെ വേഗതയില്‍ വീശിയ കാറ്റിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹെനാനില്‍ മരിച്ചവരുടെ എണ്ണം 63 ആയി. ഇതുവരെ അഞ്ചുപേരെ കാണാതായി. ഒരാഴ്ചയായി ഹെനാന്‍ പ്രവിശ്യയില്‍ തുടരുന്ന മഴയില്‍ 24,474 വീടുകള്‍ തകര്‍ന്നു. ദശലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 876.6 ഹെക്ടറുകളോളം വിളകള്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്.
ഹെനാന്‍ തലസ്ഥാനമായ സെങ്ഴുവിലാണ് മഴ ഏറ്റവും അധികം ബാധിച്ചത്. 1000 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പേമാരിയെന്നാണ് സെങ്ഴു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. മേഖലയിലെ ചില ഭാഗങ്ങളില്‍ മഴയുടെ അളവ് 5000 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നെന്നാണ് ഹെനാന്‍ ജലവിഭവ വകുപ്പ് നല്കുന്ന വിവരം. തെരുവുകള്‍ വെള്ളത്തില്‍ മൂടിയതോടെ നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോകുകയും ചെയ്തിരുന്നു.

