രാജ്യത്ത് കോവിഡ് വാക്‌സിന്‍ സൗജന്യമാക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ബാനര്‍ സ്ഥാപിക്കണമെന്ന വിവാദ ഉത്തരവുമായി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് യുജിസി ഉത്തരവ് അയച്ചിരിക്കുന്നത്. 18 കഴിഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും കത്തില്‍ പറയുന്നു.
ബാനറില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പം ‘എല്ലാവര്‍ക്കും വാക്‌സിന്‍, എല്ലാവര്‍ക്കും സൗജന്യം, ലോകത്തിലെ ഏറ്റവും വലിയ സൗജന്യ വാക്‌സിനേഷന്‍ കാമ്പയിന്‍, നന്ദി പ്രധാനമന്ത്രി മോദി’ (Vaccines for all, free for all, world’s largest free vaccination campaign, Thank you, PM Modi) എന്ന് എഴുതണമെന്നും നിര്‍ദേശമുണ്ട്. യുജിസി സെക്രട്ടറി രജനീഷ് ജെയ്‌നാണ് വാട്‌സാപ്പിലൂടെ വിവിധ സര്‍വകലാശാല അധികൃതര്‍ക്ക് ഞായറാഴ്ച സന്ദേശം കൈമാറിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാനര്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കണമെന്നും നിര്‍ദേശിച്ചിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ഹിന്ദിയിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയ ബാനറുകളുടെ ഡിസൈനും രജനീഷ് ജെയ്ന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍, പുതിയ ഉത്തരവിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഡല്‍ഹി, ഹൈദരാബാദ്, ഭോപ്പാലിലെ എല്‍എന്‍സിടി, ബെന്നറ്റ്, ഗുഡ്ഗാവിലെ നോര്‍ത്ക്യാപ് തുടങ്ങിയ സര്‍വകലാശാലകള്‍ തങ്ങളുടെ സോഷ്യല്‍മീഡിയ പേജുകളില്‍ താങ്ക്യു മോഡിജി എന്ന ഹാഷ് ടാഗിനൊപ്പം ബാനറുകള്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, അക്കാദമിക് വിദഗ്ധര്‍, വിദ്യാര്‍ഥി സംഘടനകള്‍, രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മുതലാണ് രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന പുതിയ നയം നടപ്പാക്കിയത്.