പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍.കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നതിനിടെയാണ് , പുതിയ കൊറോണ വൈറസുകളെ വവ്വാലുകളില്‍ കണ്ടെത്തിയത് . ചൈനയിലെ ഗവേഷകരാണ് പുതിയ വൈറസുകളെ കണ്ടെത്തിയത്.
വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറസുകളില്‍ ഒന്ന് കോവിഡ് വൈറസുമായി ജനിതകമായി അടുത്ത സാമ്യം പുലര്‍ത്തുന്നതാണ്. റിനോലോഫസ് പുസിലസ് എന്ന വൈറസിനാണ് കോവിഡ് 19 വൈറസുമായി ഏകദേശം സാമ്യമെന്ന് ചൈനീസ് ഗവേഷകര്‍ പറഞ്ഞു. കോവിഡ് 19 വൈറസുമായി അടുത്ത സാമ്യമുള്ള രണ്ടാമത്തെ വൈറസാണിത്. ചൈനയിലെ യുവാന്‍ പ്രവിശ്യയിലായിരുന്നു കണ്ടെത്തല്‍.
വവ്വാലുകളില്‍ ഒരേസമയം എത്രതരം കൊറോണ വൈറസുകള്‍ നിലനില്ക്കും എന്നത് അടക്കമുള്ള ചോദ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യനിലേക്കും മൃഗങ്ങളിലേക്കും പടരാന്‍ സാധ്യതയുള്ള വൈറസുകള്‍ ഏതെല്ലാമാണ് എന്ന തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പുതിയ ഗവേഷണം സഹായിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളാണ് ഗവേഷണത്തിന് പിന്നില്‍. മെയ് 2019 മുതല്‍ നവംബര്‍ 2020വരെ നീണ്ടുനിന്ന പഠന റിപ്പോര്‍ട്ടുകളാണ് ഇവര്‍ പുറത്തുവിട്ടത്.
2020ന്റെ തുടക്കത്തിലാണ് വുഹാനില്‍ കോവിഡ് പരത്തുന്ന സാര്‍സ്- സിഒവി- രണ്ട് വൈറസ് കണ്ടെത്തിയത്. വവ്വാലുകളില്‍ നടത്തിയ പരീക്ഷണത്തില്‍ 24 പുതിയ കൊറോണ വൈറസ് ജനിതക ഘടന കണ്ടെത്തിയതായി ജേണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാലെണ്ണം കൊറോണ വൈറസിന് സമാനമാണ്. ഇതില്‍ ഒരെണ്ണത്തിന് ജനിതകമായി സാര്‍സ് സിഒവി- രണ്ടുമായി ഏറെ സാമ്യങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പൈക്ക് പ്രോട്ടീനില്‍ മാത്രമാണ് ജനിതക വ്യതിയാനം ഉള്ളത്.സാര്‍സ് സിഒവി- രണ്ട് വൈറസിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വവ്വാലുകളാകാം ഇതിന്റെ ഉറവിടമെന്ന് ഗവേഷകര്‍ സൂചന നല്കുന്നു.