കേരളമടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടെ നിരാശാജനകമായ പ്രകടനങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു പൊളിച്ചെഴുത്ത് വേണ്ടി വരുമെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. ‘നമുക്കുണ്ടായ തിരിച്ചടികള്‍ പരിശോധിക്കുന്നതിനൊപ്പം നമ്മുടെ വീട് ക്രമീകരിക്കേണ്ടതുണ്ട്’ സോണിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പ്രകടനത്തെകുറിച്ച് കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സോണിയാഗാന്ധി അസം, കേരളം. തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നേതാക്കളോട് ആവശ്യപ്പെട്ടു. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്തുകൊണ്ട് വോട്ടുവിഹിതം താഴ്ന്നുവെന്ന് നേതാക്കള്‍ വിശദാകരിക്കണമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ വ്യക്തമാക്കി.പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം മോശമായത് എന്തുകൊണ്ടാണെന്ന് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ നേതാക്കള്‍ പറയുമെന്നാണ് പ്രതീക്ഷക്കുന്നത്. ഗുരുതരമായ തിരിച്ചടികള്‍ നാം ശ്രദ്ധിക്കണം. തോല്‍വിക്ക് കാരണമായ എല്ലാ വശങ്ങളും നോക്കാനും വളരെ വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനുമായി ഒരു സമിതിയെ നിയോഗിക്കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു.കേണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശജനകമാണെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സോണിയാ ഗാന്ധി ഇത്തരമൊരു പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തുന്നത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ല. കേരളത്തില്‍ യുഡിഎഫിന് 41 സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.
ഇടതുപാര്‍ട്ടികളുമായി യോജിച്ച് കളത്തിലിറങ്ങിയ ബംഗാളിലും കോണ്‍ഗ്രസ് തകര്‍ന്നടിയുകയായിരുന്നു. ബംഗാളില്‍ 213 സീറ്റുകള്‍ നേടി തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് ബംഗാളില്‍ 77 സീറ്റുകളും നേടാനായി. അസമില്‍ മത്സരിച്ച 95 സീറ്റുകളില്‍ 29 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലേക്കും കോണ്‍ഗ്രസ് കടക്കാന്‍ തീരുമാനിച്ചതും ശ്രദ്ധേയമാണ്. പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി നടക്കുന്ന പ്രവര്‍ത്തകസമിതികളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നില്ല.
ജൂണ്‍ 23-ന് പുതിയ അധ്യക്ഷനായുള്ള തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനകം നാമനിര്‍ദേശം നല്‍കാം. അതേ സമയം ചില നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ വോട്ടെടുപ്പ് തിയതി അന്തിമമാക്കിയിട്ടില്ല