തെരഞ്ഞെടുപ്പ് : റൂറൽ പോലീസ് സേന സജ്ജം*
റൂറൽ പോലീസ് പരിധിയിൽ 1800 പോലീസുകാർ തെരഞ്ഞെടുപ്പ് ക്രമസമാധാന പാലനത്തിനായി സജ്ജമായി. ആകെ 21 പോലീസ് സ്റ്റേഷനുകളാണ് റൂറൽ പോലീസിന് കീഴിലുള്ളത്. വോട്ടെടുപ്പ് ദിവസം 1600 സ്പെഷ്യൽ പോലീസ് ടീം കൂടി ക്രമസമാധാന പാലനത്തിനുണ്ടാകും. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിൽ ആന്റി നക്സൽ ടീമിനെയും വിന്യസിക്കും.
വടകര, കൊയിലാണ്ടി, താമരശേരി, പേരാമ്പ്ര, കൊടുവള്ളി, കുറ്റ്യാടി, തൊട്ടിൽ പാലം, നാദാപുരം, എടച്ചേരി, ചോമ്പാല, പയ്യോളി, മേപ്പയ്യൂർ, കാക്കൂർ, അത്തോളി, വളയം, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, തിരുവമ്പാടി, മുക്കം, ബാലുശേരി, കോടഞ്ചേരി സ്റ്റേഷനുകളാണ് റൂറൽ പരിധിയിലുള്ളത്.
കേന്ദ്രസേനയുടെ (ബി. എസ്.എഫ്) രണ്ടു കമാൻഡന്റും എട്ട് സീനിയർ ഓഫീസർമാരുമടക്കം 500 സേനാംഗങ്ങൾ തൊട്ടിൽ പാലം ,പയ്യോളി ,പേരാമ്പ്ര ,താമരശേരി എന്നിവിടങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. റൂറൽ ഏരിയയിലെ 40 സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി. ജില്ലാ അതിർത്തികളിൽ കേന്ദ്രസേനയുടെ സഹായത്തോടെ പരിശോധനയും ശക്തമാക്കി. ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് 3 കിലോ കഞ്ചാവ് പിടിച്ചു. ജില്ലയിലാകെ 3790 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 1457 പോളിങ്ങ് ബൂത്തുകൾ പ്രത്യേക ശ്രദ്ധ വേണ്ടവയാണ്. വൾനറബിൾ ബൂത്തുകൾ 82- ഉം സെൻസിറ്റീവ് ബൂത്തുകൾ 1230 -ഉം ക്രിട്ടിക്കൽ ബൂത്ത് 77 -ഉം മാവോയിസ്റ്റ് ഭീഷണിയുള്ളവ 67മാണ്. ഈ ബൂത്തുകളുടെയെല്ലാം സുരക്ഷാ ചുമതലകളുടെ നടപടി പൂർത്തിയായി കഴിഞ്ഞു.
തെരഞ്ഞെടുപ്പ്: ഞായറാഴ്ച പിടിച്ചെടുത്തത് 8.56 ലക്ഷം രൂപ
നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നോർത്ത്, തിരുവമ്പാടി, കുന്ദമംഗലം ഫ്ലൈയിങ് സ്ക്വാഡുകളും ബേപ്പൂർ, കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഞായറാഴ്ച മാത്രം പിടിച്ചെടുത്തത് 8,56,810 രൂപ. തുക കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ബേപ്പൂർ സ്റ്റാറ്റിക് സർവൈലൻസ് ടീം 423 ഗ്രാം തങ്കവും പിടികൂടി നല്ലളം പോലീസിന് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിരുന്നു. ഇലക്ഷൻ സ്ക്വാഡുകൾ ഇതുവരെ 23,34,080 രൂപയാണ് പിടിച്ചെടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പ്: സംശയാസ്പദമായ പണമിടപട് നിരീക്ഷിക്കാന്‍ ജില്ലാതല സമിതി
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വഴി നടക്കുന്ന സംശയാസ്പദമായ പണമിടപാട് നിരീക്ഷിക്കാന്‍ ജില്ലാതലത്തില്‍ സമിതി രൂപീകരിക്കും. സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്ന പ്രത്യേക ചെലവ് നിരീക്ഷകന് പുഷ്പീന്ദര്‍ സിംഗ് പൂനിയയുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. റൂറല്‍ പോലീസ് മേധാവി ഡോ.എ ശ്രീനിവാസിന്റെ മേല്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതിയില്‍ പോലീസ്, കസ്റ്റംസ്, ഇന്‍കം ടാക്സ്, സേല്സ്ടാക്സ്, ലീഡ് ബാങ്ക് തുടങ്ങിയ വകുപ്പുകളുടെ മേധാവികള്‍ അംഗങ്ങളായിരിക്കും. പൊതുമേഖല-ദേശസാത്കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍ എന്നിവ വഴി നടക്കുന്ന സംശയാസ്പദമായ പണമിടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിനായി പ്രത്യേക ടീമിനെ നിയോഗിക്കും.
സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ചെലവ് നിരീക്ഷണ സ്ക്വാഡുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന് പുഷ്പീന്ദര്‍ സിംഗ് പൂനിയ പറഞ്ഞു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് പണവും മദ്യവും ഉപയോഗപ്പെടുത്തുന്നത് കര്‍ശനമായി തടയേണ്ടതുണ്ട്. ഇതിലേക്കായി പൊലീസ്, എക്സൈസ്, വനം, ആദായ നികുതി, കസ്റ്റംസ്, ഇന്‍കം ടാക്സ്, കോസ്റ്റല്‍ പൊലീസ്, ബാങ്കിംഗ് ഏജന്‍സികള്‍ എന്നിവ ഒരു ടീമായി പ്രവര്‍ത്തിക്കണം. സംശയാസ്പദമായ പണമിടപാടുകളോ മദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ കടത്തോ ശ്രദ്ധയില്‍പെട്ടാല്‍ കലതാമസമില്ലാതെ സമയബന്ധിതമായി സ്ക്വാഡുകള്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്ഥാനാര്‍ഥികള്‍ അളവില്‍ കവിഞ്ഞ് പണം ചെലവഴിക്കുകയോ പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. സ്ഥാനാര്‍ഥികളുടെ സാമ്പത്തിക ശേഷി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ അവസരം ഉണ്ടാവണമെന്നും അദ്ദേഹം നിര്‍ദ്ദേശം നല്കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ചെലവ് നിരീക്ഷകരായ മുഹമ്മദ് സാലിക് പര്‍വേസ്, ശ്രീറാം വിഷ്ണോയ്, വിഭോര്‍ ബദോനി, ജില്ലാ സിറ്റി, റൂറല്‍ പോലീസ് മേധാവികളായ എ.വി ജോര്‍ജ്, ഡോ.എ ശ്രീനിവാസ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ കെ.അജീഷ്, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ.പി മനോജന് തുടങ്ങിയവര്‍ പങ്കെടുത്തു.
സി-വിജില്‍: ഇതുവരെ ലഭിച്ചത് 3496 പരാതികള്‍
പൊതുജനങ്ങള്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന ഇതുവരെ ലഭിച്ചത് 3496 പരാതികള്‍. ലഭിച്ചവയില്‍ 3428 പരാതികള്‍ ശരിയാണെന്ന് കണ്ടെത്തി നീക്കം ചെയ്യുകയും 68 പരാതികളില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകണ്.
അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കല്‍, പോസ്റ്ററുകള്‍, ഫ്ലക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. പരാതികള്‍ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി-വിജില്‍ ജില്ലാ കണ്ട്രോള് റൂമില്‍ ലഭിച്ച ഉടന്‍ അതത് നിയോജക മണ്ഡലങ്ങളിലെ സ്ക്വാഡുകള്‍ക്ക് കൈമാറുകയും ഫ്ലൈയിങ് സ്ക്വാഡ്, ആന്റി ഡീഫേയ്സ്മെന്റ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവര്‍ പരാതികളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുകയുമാണ് ചെയ്യുക. എം.സി.സി നോഡല്‍ ഓഫീസര്‍ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണര്‍ അനുപം മിശ്രയ്ക്കാണ് സി വിജിലിന്റെ ചുമതലയും.
എം.സി.സി കണ്ട്രോള്റൂമിലാണ് ജില്ലാതല കണ്ട്രോള് റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കല്‍, വ്യാജ വാര്‍ത്തകള്‍, അനധികൃതമായി പ്രചാരണ സാമഗ്രികള്‍ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പൊതുജനങ്ങള്‍ക്ക് സി വിജില്‍ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം. പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന സി വിജില്‍ ആപ്ലിക്കേഷനില്‍ തത്സമയ ചിത്രങ്ങള്‍, രണ്ടു മിനിറ്റു വരൈ ദൈര്‍ഘ്യമുള്ള വീഡിയോകള്‍, ശബ്ദരേഖകള്‍ എന്നിവയും സമര്‍പ്പിക്കാനാകും.