കാസര്‍കോട്: കേരളത്തിന്റെ വികസന മുന്നേറ്റത്തെ തകര്‍ക്കാനുള്ള ഗൂഢാലോചന ബിജെപിയും കോണ്‍ഗ്രസും നടത്തുകയാണെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘന്. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേരളാ ബാങ്ക് പൂട്ടുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും വിമര്‍ശിച്ച വിജയരാഘന് എല്‍ഡിഎഫ് ജാഥയിലെ വലിയ ബഹുജന പങ്കാളിത്തം മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് വിശ്വാസമാണെന്നാണ് കാണിക്കുന്നതെന്നും പറഞ്ഞു.
യുഡിഎഫ്, ബിജെപിക്കെതിരെ അര്‍ധ മനസോടെ മാത്രമേ സംസാരിക്കുകയുള്ളു. വോട്ടുകച്ചവടമാണ് അവരുടെ ലക്ഷ്യം. നാടിന്റെ താല്‍പ്പര്യത്തിന് മുന്‍ഗണന നല്കുന്ന നയങ്ങളാണുണ്ടാകേണ്ടത്. കേരളാ ബാങ്ക് പൂട്ടുമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് കേരളത്തിന് വിനാശകരമാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കോടികള്‍ മുടക്കി നവീകരിച്ച ശേഷം വില്‍ക്കുകയാണ് മോദി. പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷകനായെത്തി വില്‍പ്പന നടത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്നും കേരളത്തിന്റെ വികസന കാര്യങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനാണ് മോദി മുന്‍ഗണന നല്‍കുന്നതെന്നും വിജയരാഘവന് ആരോപിച്ചു.
എല്‍ഡിഎഫ് ജാഥയിലെ വലിയ ബഹുജന പങ്കാളിത്തം മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് വലിയ വിശ്വാസമാണെന്നാണ് സൂചിപ്പിക്കുന്നത്. ഒരു എന്‍സിപി എംഎല്‍എ സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കാന്‍ പോയത് കൊണ്ട് ഇടത് മുന്നണിക്ക് ഒരു പ്രശ്നവും സംഭവിക്കില്ലെന്നും മാണി സി കാപ്പന്റെ മുന്നണി മാറ്റത്തെക്കുറിച്ച് വിജയരാഘവന് പ്രതികരിച്ചു.