മലയാളം ഉപയോഗിക്കാത്ത സർക്കാർ സ്ഥാപനങ്ങളെ സംബന്ധിച്ച പരാതി നിയമസഭാ സമിതിക്ക് നൽകാം
മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച വിവിധ സർക്കാർ,അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, മറ്റിതര സ്ഥാപനങ്ങൾ മുതലായവ നൽകുന്ന സർട്ടിഫിക്കറ്റുകൾ, ഉത്തരവുകൾ, കത്തുകൾ, സർക്കുലറുകൾ, അപേക്ഷ ഫോം, മാർഗ്ഗ നിർദ്ദേശം തുടങ്ങിയവയിൽ മലയാളം ഉപയോഗിക്കാത്തത് സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും നിയമസഭാ ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിക്ക് നൽകാം. വ്യക്തികൾക്കും സംഘടനകൾക്കും പരാതിയും നിർദ്ദേശങ്ങൾ നൽകാം.
വിലാസം : സെക്രട്ടറി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, നിയസഭാ മന്ദിരം, തിരുവനന്തപുരം. ഇ-മെയിൽ: ofl@niyamasabha.nic.in
മൃഗസംരക്ഷണ വകുപ്പ്: അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
മൃഗസംരക്ഷണ വകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലെ 2020 ജൂലൈ ഒന്നിലെ നിലവെച്ചുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പട്ടിക വർഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികളുടെ
ഉദ്ഘാടനം നാളെ
പട്ടിക വർഗ്ഗ വികസന വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് മുഖേന നടപ്പാക്കുന്ന ഗോത്രജീവിക ലേബർ കോൺട്രാക്ട് സൊസൈറ്റി, ഗോത്രജീവിക രണ്ടാം ഘട്ടം, ഹരിതരശ്മി, തൊഴിലുപകരണങ്ങളുടെ വിതരണം എന്നിവയുടെ സംസ്ഥാനതല പ്രവർത്തനോത്ഘാടനം നാളെ (ഫെബ്രുവരി 12 ) രാവിലെ 11 ന് പട്ടിക വർഗ്ഗ വികസന മന്ത്രി എ. കെ ബാലൻ ഓൺലൈനായി നിർവഹിക്കും.
സർക്കാർ യാത്രാ ബോട്ടുകൾ കറ്റാമറൈൻ ബോട്ടുകളാകുന്നു;
വാട്ടർ ടാക്‌സികളും രംഗത്ത്
കേരളത്തിൽ സർവീസ് നടത്തുന്ന സർക്കാർ യാത്രാ ബോട്ടുകളെല്ലാം ആധുനിക സൗകര്യത്തോടുകൂടിയ കറ്റാമറൈൻ ബോട്ടുകളാക്കുന്നു. ആദ്യ ഘട്ടത്തിൽ എറണാകുളം മേഖലയിലാണ് മാറ്റം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിൻ റൂട്ടുകളിലെ ബോട്ടുകളെല്ലാം കറ്റാമറൈൻ ബോട്ടുകളാകും. നേരത്തെ ആലപ്പുഴയിൽ ഒരു കറ്റാമറൈൻ ബോട്ട് സർവീസ് ആരംഭിച്ചിരുന്നു.
നൂതന സാങ്കേതിക വിദ്യയോടു കൂടിയ കറ്റാമറൈൻ ബോട്ടുകളിൽ 100 പേർക്ക് യാത്ര ചെയ്യാനാവും. നിലവിലെ ബോട്ടുകളിലെ യാത്രാ നിരക്ക് തന്നെയാവും ഇതിലും. സുരക്ഷയും യാത്രാസുഖവും ഉറപ്പ് നൽകുന്നവയാണ് കറ്റാമറൈൻ ബോട്ടുകൾ. എൻജിന്റെ കടുത്ത ശബ്ദം ഇത്തരം ബോട്ടുകൾക്കില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
സാധാരണ ബോട്ടുകളെക്കാൾ വലിപ്പക്കൂടുതലുള്ള ഇവയ്ക്ക് 22 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുണ്ട്. രണ്ട് എൻജിനും രണ്ട് ഹള്ളുമാണ് ഉള്ളത്. കപ്പൽ സാങ്കേതിക വിദ്യയിലെ വിദഗ്ധ ശാസ്ത്രഞ്ജരും എൻജിനിയർമാരും ഉൾപ്പെട്ട സമിതി ഓരോ ഘട്ടവും പരിശോധിച്ചാണ് ബോട്ടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി വി നായർ പറഞ്ഞു. എറണാകുളം ജില്ലയിൽ കറ്റാമറൈൻ ബോട്ടുകൾ പൂർണതോതിൽ സർവീസ് ആരംഭിക്കുന്നതോടെ ബോട്ട് യാത്രയെ ആശ്രയിക്കുന്ന 80000ത്തിലധികം പേർക്ക് സുഖയാത്രയ്ക്ക് അവസരമൊരുങ്ങും.
ഇതിനൊപ്പം എറണാകുളം ജില്ലയിൽ വാട്ടർ ടാക്‌സി സർവീസും ആരംഭിക്കുകയാണ്. ആലപ്പുഴയിലും പറശിനിക്കടവിലും വാട്ടർ ടാക്‌സി സർവീസ് വിജയമായതിനെ തുടർന്നാണ് എറണാകുളം ജില്ലയിലും ആരംഭിക്കാൻ തീരുമാനിച്ചത്. വാട്ടർ ടാക്‌സിയിൽ പത്തു പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാവും. മണിക്കൂറിനാണ് ചാർജ്. ഓൺലൈൻ ടാക്സികളുടെ മാതൃകയിലാവും വാട്ടർ ടാക്സികളും പ്രവർത്തിക്കുക. ജലഗതാഗത വകുപ്പ് പ്രസിദ്ധീകരിക്കുന്ന നമ്പറിലാണ് ടാക്സി ബുക്ക് ചെയ്യേണ്ടത്. ആധുനിക സൗകര്യങ്ങളുള്ള ബോട്ട് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (35 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കും. എറണാകുളം മേഖലയിലെ എല്ലാ റൂട്ടുകളിലും വാട്ടർ ടാക്‌സിയുടെ സേവനം ലഭ്യമാകും. ഏകദേശം 70 ലക്ഷം രൂപയാണ് ഒരു ബോട്ടിന്റെ നിർമ്മാണ ചെലവ്. ഓരോ ബോട്ടിലും ഒരു ഡ്രൈവർ കം സ്രാങ്ക്, ലാസ്‌കർ തുടങ്ങി മൂന്ന് ജീവനക്കാരുണ്ടാകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ബോട്ടുകളിൽ ഒരുക്കിയിട്ടുണ്ട്. ജലഗതാഗതം സാധ്യമായ എല്ലായിടങ്ങളിലേക്കും വാട്ടർടാക്സി ലഭ്യമാകും.
ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് സൗജന്യ ഇലക്ട്രിക് ഓട്ടോ
ഭിന്നശേഷിക്കാരുടെ നിർധനരായ അമ്മമാർക്ക് ഉപജീവനത്തിന് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്നതിന് ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. നാഷണൽ ട്രസ്റ്റ് നിയമത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാരുടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാത്തവരുമായ അമ്മമാർക്ക് സ്ഥിരം വരുമാനം സാധ്യമാക്കുന്നതിനായാണ് ഒരു ഇലക്ട്രിക് ഓട്ടോ സൗജന്യമായി നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ആദ്യ ഘട്ടം ഒരു ജില്ലയിൽ 2 അമ്മമാർക്ക് വീതം 28 അമ്മമാർക്കാണ് ഇലക്ട്രിക് ഓട്ടോ നൽകുന്നത്. ഇതിനായി 49 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി.
വാഹനത്തിന്റെ ടാക്‌സ്, ഇൻഷുറൻസ് തുടങ്ങിയവ അപേക്ഷകർ വഹിക്കേണ്ടതാണ്. വാഹനം ഗുണഭോക്താവിന്റെ പേരിൽ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്നും ഒരിക്കലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ലെന്നുമുള്ള സാക്ഷ്യപത്രം സാമൂഹ്യനീതി ഡയറക്ടർ വാങ്ങി ആർ.ടി.ഒ.യ്ക്ക് നൽകുന്നതാണ്. വാഹനം വിൽക്കുവാനോ കൈമാറ്റം ചെയ്യുവാനോ ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ ഈട് വയ്ക്കുവാനോ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വാഹനം തിരികെ പിടിച്ചെടുക്കും