ദില്ലി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കേന്ദ്ര ബജറ്റിൽ കാലാവധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ബജറ്റ് തീരുമാനം അനുസരിച്ച് 20 വർഷം പഴക്കമുള്ള 51 ലക്ഷം മോട്ടോർ വാഹനങ്ങൾ പൊളിക്കേണ്ടി വരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി. പഴയതും നിരത്തിലിറങ്ങാൻ യോഗ്യമല്ലാത്തതുമായ വാഹനങ്ങൾ പൊളിക്കാൻ സ്ക്രാപ്പിങ് പോളിസിയാണ് കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചത്. ഓട്ടോമൊബൈൽ മേഖലയ്ക്ക് ഈ തീരുമാനം കരുത്താകും. റോഡ് സുരക്ഷ വർധിക്കും. അന്തരീക്ഷ മലിനീകരണം 25 മുതൽ 30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ പുതിയ ബജറ്റ് നിർദ്ദേശപ്രകാരം വാണിജ്യവാഹനങ്ങള്‍ക്ക് പരമാവധി 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവുമാണ് ഉപയോഗത്തിനുള്ള കാലാവധി. കാലാവധി പൂർത്തിയായ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങള്‍ പൊളിക്കുക. സ്ക്രാപ്പിങ് പോളിസി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി അറിയിച്ചത്