
കേരളത്തിന് വന്‍ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ദേശീയ പാതാ വികസനത്തിനായി കേരളത്തിന് 65,000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. 600 കിലോ മീറ്റര്‍ മുബൈ-കന്യാകുമാരി പാതയും, മധുര-കൊല്ലം ഉള്‍പ്പടെ തമിഴ്‌നാട്ടിലെ ദേശീയപാതാ വികസനത്തിന് 1.03 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ 11.5 കിലോമീറ്റര്‍ കൂടി നീട്ടും. ഇതിനായി 1957 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ആരോഗ്യമേഖലയ്ക്കായുള്ള വിഹിതം കൂട്ടിയതായും ധനമന്ത്രി അറിയിച്ചു. 2.23 ലക്ഷം കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്ന് 137 ശതമാനത്തിന്റെ വര്‍ധനവുണ്ട്.
തമിഴ്നാടിനായി വൻ തുകയാണ് റോഡ് വികസനത്തിനായി നീക്കി വച്ചിരിക്കുന്നത്. 3500 കിലോമീറ്റർ റോഡിനായി 1.03 ലക്ഷം കോടി രൂപ. ഇതിൽ മധുര – കൊല്ലം കോറിഡോർ, ചിറ്റൂർ – തച്ചൂർ കോറിഡോർ എന്നിവയുടെ നിർമാണം അടുത്ത വർഷം തുടങ്ങുമെന്നും ധനമന്ത്രി പ്രഖ്യാപിക്കുന്നു. ചെന്നൈ മെട്രോയ്ക്കും വൻതുക വകയിരുത്തിയിട്ടുണ്ട്. 118.9 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിന് 63,246 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
പശ്ചിമബംഗാളിലെ 675 കിലോമീറ്റർ റോഡ് വികസനത്തിനായി വകയിരുത്തിയിരിക്കുന്നത് 25,000 കോടി രൂപയാണ്. ഇതിൽ കൊൽക്കത്ത – സിലിഗുരി ഹൈവേയുടെ വികസനവും ഉൾപ്പെടും.
അസമിൽ മൂന്ന് വർഷം കൊണ്ട് 1300 കിമീ റോഡുകൾ നിർമിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കുന്നു. ഇതിനായി 34,000 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തുന്നത്.

