കർഷക സമരത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനമായ നാളെ ട്രാക്ടർ റാലി നാളെ നടക്കാനിരിക്കെ ദില്ലി അതിർത്തികളിലേക്ക് കർഷകരുടെ പ്രവാഹം. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ ആയിരക്കണക്കിന് ട്രാക്ടറുകളാണ് എത്തിയത്.
രാജ്പഥിൽ റിപബ്ലിക്ക് ദിന പരേഡ് നാളെ അവസാനിക്കുമ്പോൾ അതിർത്തികളിൽ കാർഷിക നിയമങ്ങൾക്കെതിരെ ട്രാക്റ്ററുകൾ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കർഷകർ. സിംഘു, തിക്രി, ഗാസിപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 100 കിലോമീറ്ററിൽ അധികം ദൂരം തലസ്ഥാനത്തെ വലംവെക്കുന്ന രീതിയിലാണ് റാലി ക്രമീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം ട്രാക്ടറുകളാണ് റാലിയിൽ പങ്കെടുക്കുക. ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രമേ ട്രാക്ടറുകളിൽ ഉപയോഗിക്കാവൂ എന്നതടക്കം കർശന നിർദേശങ്ങൾ ആണ് സംയുക്ത സമരസമിതി നൽകിയിരിക്കുന്നത്.