ഡോണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഇംപീച്ച്‌മെന്റിന് തീരുമാനമായി. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ പാസായത്. ട്രംപ് ഇത് രണ്ടാം തവണയാണ് ഇംപീച്ച് ചെയ്യപ്പെടുന്നത്. ഇതോടെ രണ്ട് തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ്.
യുഎസ് ക്യാപ്പിറ്റോളില്‍ അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 222 ഡെമോക്രാറ്റിക് അംഗങ്ങളും 10 റിപബ്ലിക്കന്‍ അംഗങ്ങളുമാണ് ട്രപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. 197 റിപബ്ലിക്കന്‍സ് പ്രമേയത്തെ അനുകൂലിച്ചില്ല. പ്രമേയം പാസായ പശ്ചാത്തലത്തില്‍ ഇനി അത് സെനറ്റിലേക്ക് നീങ്ങും അവശേഷിക്കുന്ന വിചാരണ നടപടികള്‍ ഇനി സെനറ്റിലായിരിക്കും നടക്കുക. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരെയുള്ള കുറ്റം സെനറ്റില്‍ അംഗീകരിക്കപ്പെടും.
25-ാം ഭേദഗതി പ്രകാരം ട്രംപിനെ പുറത്താക്കാനുള്ള നടപടികളായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് പോയത്. ഇതാണ് ഇപ്പോള്‍ ജനപ്രതിനിധി സഭയില്‍ പാസായിരിക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ഉണ്ടായത്. അന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നും ആരും തന്നെ ട്രപിനെതിരെ വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഇത്തവണ പത്ത് പേരാണ് അദ്ദേഹത്തിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ രംഗത്തെത്തിയിരിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. അതേസമയം അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് അമേരിക്കയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. മാത്രമല്ല, തനിക്കെതിരെ നടക്കുന്ന വേട്ടയാടലിന്റെ ഭാഗമാണ് ഇംപീച്ച്മെന്റ് നടപടികളെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.