രാജ്യത്ത് കൊവിഡ് വാക്സിന് സൗജന്യമായി ആദ്യഘട്ടത്തിലെ മുന്‍ഗണന പട്ടികയിലുള്‍പ്പെട്ട മൂന്ന് കോടി പേര്‍ക്ക് മാത്രമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ബാക്കിയുള്ളവര്‍ക്ക് വാക്സിന് സൗജന്യമായി നല്‍കണമോ എന്നതില്‍ ജൂലൈയില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ രാജ്യത്തെ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീട് ട്വിറ്റിലൂടെ തന്റെ പ്രസ്താവന തിരുത്തുകയായിരുന്നു. നേരത്തേ കേന്ദ്രം എല്ലാവര്ക്കും വാക്സിന് സൗജന്യമായിരിക്കില്ലെന്നാണ് എടുത്തിരുന്ന നിലപാട്. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്ക്കും സൗജന്യ വാക്സില്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത് വാര്‍ത്തയായതോടെയാണ് പിന്നീട് മന്ത്രി തന്നെ ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്.
വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്സ് കണ്ട്രോള് ജനറല്‍ പരിശോധിച്ചു വരികയാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്സിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുമെന്നും രണ്ടര കോടി പേര്‍ക്കുളള വാക്സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ നടന്നു. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. വാക്സിന് കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണില്‍ പരിശോധിച്ചു. ഒരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്സിന് നല്‍കിയത്.
അതേ സമയം അതിതീവ്ര വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമര്‍പ്പിക്കണം. ജനുവരി 8 നും 30 നും ഇടയില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയണം. യാത്രക്കാരുടെ കയ്യില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.