കാർഷിക നിയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം അവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകരെ ബി.ജെ.പി അധികാരത്തിലുള്ള ഹരിയാനയിൽ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ച് നേരിട്ടിരുന്നു.ഇന്ന് രാവിലെയാണ് കർഷക പ്രക്ഷോഭത്തെ ഹരിയാനയിലെ അംബാലയിൽ പൊലീസ് ക്രൂരമായി നേരിട്ടത്. കർഷകരെ നേരിടാൻ കനത്ത സന്നാഹമാണ് ഒരുക്കിയിരുന്നത്. കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്തും സുരക്ഷ ശക്തമാക്കി. കൊടുംതണുപ്പിൽ സമരം ചെയ്യുന്നവർക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. കർഷകരിൽ നിന്ന് എല്ലാം കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാർ. കർഷകരിൽ നിന്ന് താങ്ങുവില കവർന്നു. ബാങ്കുകളും വിമാനത്താവളങ്ങളും റെയിൽവേയുമെല്ലാം കുത്തകകൾക്ക് നൽകുകയാണ്. കുത്തകകളുടെ കടങ്ങൾ എഴുതിത്തള്ളുന്നു -പ്രിയങ്ക പറഞ്ഞു.