പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനാല്‍ ജോലി ലഭിക്കില്ലെന്ന വിഷമത്തില്‍ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിക്കും പി എസ് സി ചെയര്‍മാനുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
‘പി എസ് സിയുടെ സുതാര്യത നഷ്ടമാക്കി. ഒ എം ആര്‍ ഷീറ്റില്‍ പോലും തട്ടിപ്പാണ്. അനുവിന്റെ കുടുംബത്തിനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അനുവിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ല. പത്താം ക്ലാസ് പാസാകാത്ത സ്വപ്നയ്ക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളം കൊടുത്താണ് ഈ സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചത്. എത്ര എത്ര സ്വപ്നമാര്‍ ഇങ്ങനെ നിയമിതരായി. പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ അട്ടിമറിച്ച ഡി വൈ എഫ് ഐ-എസ് എഫ് ഐ ക്രിമിനലുകളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഡി വൈ.എഫ്.ഐ നേതാക്കന്മാരുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും വരെ സര്‍ക്കാര്‍ ജോലിയായി. ദേശീയ, സംസ്ഥാന നേതാക്കളുടെ ഭാര്യമാര്‍ക്കും ജോലി നല്‍കി. ഭാര്യമാരുടെ നവോത്ഥാനം മാത്രമാണ് നടക്കുന്നത്- സുരേന്ദ്രന്‍ ആക്ഷേപിച്ചു.

