സിബ്ഗത്തുള്ള
ചീഫ് എഡിറ്റർ
ജനശബ്ദം ഡോട്ട് ഇൻ
രാഷ്ട്രീയ ലേഖനങ്ങളിൽ നിന്നും ചന്ദ്രിക പത്രാധിപനായി മാറിയ റഹീം മേച്ചേരിയുടെ ഓർമ്മകൾക്ക് ഇന്ന് 16 വർഷം തികയുകയാണ്. ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനുഷ്യ സ്നേഹിയായിരുന്നു പ്രിയ മേച്ചേരി.
വർഷങ്ങൾക്കു മുൻപ് ചന്ദ്രികയുടെ പത്രാധിപനായി മേച്ചേരി നിൽക്കുന്ന കാലത്ത് തന്നെ അന്ന് ലേഖകനായ എന്നെയും ചേർത്ത് വെച്ച ഓർമ്മകൾ ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്നും എന്നെ പോലെയുള്ള വ്യക്തികൾക്ക് മാധ്യമ രംഗത്ത് പ്രവർത്തിക്കാനുള്ള ഊർജ്ജം പ്രിയ റഹീം മേച്ചേരി താങ്കളെ പോലുള്ളവർ തന്നെയാണ്.
ആദ്യമായി മരണ വാർത്ത അറിഞ്ഞതും അത് മറ്റുള്ളവരിലേക്ക് എത്തിച്ചതും ഞാൻ തന്നെയായിരുന്നു. ഏറ്റവും പ്രിയപ്പെട്ടവരുടെ വേർപാട് എത്രമാത്രം ഹൃദയങ്ങളെ ആഴ്ന്നിറങ്ങുമെന്നും അന്നാണ് ഞാൻ അനുഭവിച്ചറിഞ്ഞത്. കാരണം താങ്കൾ എനിക്ക് സഹോദരനോ, പിതാവിനോ തുല്യനായിരുന്നു.
മരിക്കുന്നതിന് തലേ ദിവസം ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഏറെ വൈകി യാണ്ചന്ദ്രിക യിൽഅദ്ദേഹം എത്തിയത്. ശേഷം തന്റെ ജോലിയും തീർത്ത് 2004 ഓഗസ്റ്റ് 21 പുലർച്ചെ വീട്ടിലേക്ക് മടങ്ങവെയാണ് അദ്ദേഹം സഞ്ചരിച്ച ചന്ദ്രിക ദിനപത്ര കെട്ടുമായി പോവുകയായിരുന്ന ജീപ്പ് അപകടത്തിൽ പെടുന്നത്. ചന്ദ്രികയെ അത്രമാത്രം ഹൃദയത്തിൽ ചേർത്ത് വെച്ച വ്യക്തി. ഒടുവിൽ ആ പത്രക്കെട്ടുകൾക്കൊപ്പം തന്നെ ഓർമ്മയായ്
അപകടം സംഭവിച്ച അന്ന് വിവരം ആദ്യമായി അറിയുന്നത് സി കെ അബൂബക്കറും ഞാനുമാണ്. അബൂക്കർ എന്നോട് അന്ന് ഫോൺ വിളിച്ചു പറയുന്നത് ഉടനെ മെഡിക്കൽ കോളേജിൽ എത്തണം റഹിം മേച്ചേരി വാഹനാപകടത്തിൽ പരിക്കേറ്റിട്ടുണ്ട് എന്നായിരുന്നു. ഞാൻ പത്തു മിനുറ്റിനകം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തി. ആപത്തുകൾ ഒന്നും തന്നെ വരുത്തരുതെന്ന പ്രാർത്ഥന തന്നെയായിരുന്നു മനസ്സിൽ നിറയെ. പരിക്ക് പറ്റിയ മേച്ചേരിയെ പലയിടത്തും തിരഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല. എന്റെ വെപ്രാളത്തോടെയുള്ള തിരച്ചിൽ കണ്ട അവിടെയുണ്ടായിരുന്ന ഡോക്ടർ കാര്യം തിരക്കിയപ്പോൾ ഞാൻ കാര്യം വ്യക്തമാക്കി. മറുപടിയായി ഡോക്ടർ മലപ്പുറത്ത് നിന്ന് അപകടം സംഭവിച്ച ഒരു വ്യക്തി മരണപ്പെട്ടിട്ടുണ്ടെന്നും ചെന്ന് നോക്കുവാനും പറഞ്ഞു. അത്യാഹിത വിഭാഗത്തിന്റെ ഒരു ഭാഗത്തായി ചേതനയറ്റ ശരീരമായി മേച്ചേരി കിടക്കുന്നത് അങ്ങനെ ആദ്യമായി കണ്ടത് ഞാനായിരുന്നു. ഇടറിയ ശബ്ദത്തോടെ അന്ന് എന്റെ സഹ പ്രവർത്തകരെ വാർത്ത അറിയിക്കുമ്പോൾ, ഒരിക്കലും താങ്ങാനാവാത്ത നിമിഷമായി ഞാൻ ആ സന്ദർഭത്തെ ഇന്നും ഓർക്കുന്നു.
കഥയും ,കവിതയും എഴുതി തുടങ്ങിയ മേച്ചേരി പിന്നീട് കിടയറ്റ രാഷ്ട്രീയ ലേഖകനും ചന്ദ്രിക പത്രാധിപനുമായി മാറി. ഏതൊരു സാധാ പ്രവർത്തകനോടും സൗഹൃദം സൂക്ഷിക്കുകയും, ഒരു സ്വാധീനങ്ങൾക്കും വക വെക്കാതെയും ആത്മാർഥമായി ജോലി ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. പ്രതിരോധങ്ങൾ തീർക്കുന്ന ശക്തമായ എഴുത്തുകളിലൂടെ രാഷ്ട്രീയ നേതൃത്വങ്ങളെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ആ സഹോദരന് ഓർമ്മകളിൽ മേച്ചേരി താങ്കൾ മരിക്കുന്നില്ല എന്നും ഞങ്ങൾക്കൊപ്പമുണ്ട്