അനാഥാലയത്തില്‍ മരിച്ച മൂഡബിദ്രിയിലെ വേണുഗോപാലിന്റെ(62) മൃതദേഹം ഏറ്റുവാങ്ങാന്‍ ഉറ്റവര്‍ ആരും എത്താത്തതിനെത്തുടര്‍ന്ന് അന്ത്യകര്‍മ്മങ്ങള്‍ നടത്തി മുസ്ലിം യുവാവ്.
മാംഗ്ലൂര്‍ മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അനാഥാലയത്തില്‍ കഴിയുകയായിരുന്ന വേണുഗോപാല്‍ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്. മരണത്തിന് മുമ്പ് കുടുംബാംഗങ്ങളെ കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഇക്കാര്യം അനാഥാലയം അധികൃതര്‍ കുടുംബത്തെ അറിയിച്ചെങ്കിലും കാണാന്‍ ആരും എത്തിയിരുന്നില്ല. മരണവിവരം അറിയിച്ചപ്പോഴും ആരും വന്നില്ല. ആംബുലന്‍സ് ഡ്രൈവറായ മുഹമ്മദ് ആസിഫ് ഇക്കാര്യം അറിഞ്ഞതോടെ മൃതദേഹം ഏറ്റുവാങ്ങാന്‍ സന്നദ്ധനായി. മുല്‍ക്കി പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങിയ അദ്ദേഹം സുഹൃത്തുക്കളോടൊപ്പം ഹിന്ദു പാരമ്പര്യമനുസരിച്ച് വേണുഗോപാലിന്റെ മൃതദേഹം ശ്മശാനത്തില്‍ സംസ്‌കരിച്ചു. ജീവകാരുണ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മൈമുന ഫൗണ്ടേഷന്റെ സ്ഥാപകന്‍ കൂടിയാണ്.
ബന്ധുക്കള്‍ എത്തിയില്ല; അനാഥാലയത്തില്‍ മരിച്ച വേണുഗോപാലിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തി മുസ്ലിം യുവാവ്

