മടങ്ങിയെത്തുന്ന പ്രവാസികള്‍ ക്വാറന്റീന് ചെലവ് സ്വയം വഹിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ശശി തരൂര്‍. കേരളം ഉയര്‍ത്തിപ്പിടിപ്പിക്കുന്ന ആരോഗ്യ സംരക്ഷണ മാതൃകയോടുള്ള വഞ്ചനയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു.
കൊവിഡ് പ്രതിസന്ധി കാരണം മാസങ്ങളായി ജോലിയോ ശമ്പളമോ ഇല്ലാതെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന നിരവധിപ്പേരാണ് വിവിധ രാജ്യങ്ങളിലുള്ളത്. പലരുടെയും കാരുണ്യത്താല്‍ നാട്ടിലെത്തുന്നവര്‍ക്ക് ഇനി നിര്‍ബന്ധിത ക്വാറന്റീന് കൂടി പണം കണ്ടെത്തേണ്ടി വരുന്നത് ഇരട്ടി ദുരിതമാവും സമ്മാനിക്കുക എന്ന് തരൂര്‍ പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനാണുള്ളത്. നേരത്തെ 14 ദിവസമായിരുന്നത് പിന്നീട് ഏഴ് ദിവസമാക്കി ചുരുക്കുകയും ബാക്കി ദിവസങ്ങളില്‍ വീടുകളില്‍ ക്വാറന്റീന് തുടരണമെന്നുമാണ് നിര്‍ദേശം.
സാമ്പത്തിക പ്രയാസമുള്ളവര്‍ ഉള്‍പ്പെടെ എല്ലാവരും ഇനി മുതല്‍ ക്വാറന്റീന് ചെലവ് വഹിക്കണമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ജോലി നഷ്ടമായി മറ്റൊരു മാര്‍ഗവുമില്ലാതെ എത്തുന്നവരടക്കം എല്ലാവരും ചിലവ് വഹിക്കേണ്ടിവരുമെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു. ലക്ഷക്കണക്കിന് പേര് സംസ്ഥാനത്തേക്ക് എത്തുമ്പോള്‍ ഇതല്ലാതെ വഴിയില്ലെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം.