ചെന്നൈ: ഡിറ്റ്വാ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ 20 വർഷത്തിനിടെ ശ്രീലങ്കയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. പേമാരിയിലും വെള്ളപ്പൊക്കത്തിലും പെട്ട് 132 പേർ മരിച്ചെന്നാണ് നിഗമനം. ദുരന്ത നിവാരണ സേനയുടെ കണക്കുപ്രകാരം 130 പേരെ കാണാതായിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം പലയിടങ്ങളിലും ആശയവിനിമയം തടസ്സപ്പെട്ടു. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.
ഡിസംബർ 4 വരെ ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. ഡിസംബർ 16 വരെ സ്കൂളുകളും അടച്ചിടും. നൂറുകണക്കിന് വീടുകളും സ്ഥാപനങ്ങളും തകർന്നതായാണ് കണക്കുകൾ. വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ കലയോയ പ്രദേശത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് 69 പേർ ബസ്സിൽ കുടുങ്ങി. ബസ്സിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്ന യാത്രക്കാരെ 29 മണിക്കൂർ നീണ്ട ഓപ്പറേഷനൊടുവിലാണ് രക്ഷപ്പെടുത്തിയത്. കനത്ത മഴയിൽ വീടുകൾ നഷ്ടപ്പെട്ട 43,995 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി.
അതിനിടെ, ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ രംഗത്തെത്തി. 2 സഹായ വിമാനങ്ങൾ അയച്ചു. ഓപ്പറേഷൻ സാഗർ ബന്ധു എന്ന പേരില് അർദ്ധസൈനിക സംഘങ്ങളെയും അവശ്യ ദുരിതാശ്വാസ വസ്തുക്കളും ശ്രീലങ്കയിലെത്തിച്ചു. ശ്രീലങ്കൻ തീരത്തിനു സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് തെക്കൻ പ്രദേശങ്ങളിലേയ്ക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി തമിഴ്നാട്ടിൽ കനത്ത ജാഗ്രതയാണ്. ഇവിടങ്ങളിൽ ഇന്നു വൈകിട്ട് മുതൽ കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. ചുഴലി ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിലോ തെക്കൻ ആന്ധ്രയിലോ കര തൊടുമെന്നാണു പ്രതീക്ഷിക്കുന്നത്. പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചു.

