Kerala Local News

നിലമ്പൂരില്‍ വന്യജീവി സംഘര്‍ഷം തടയാന്‍ സമഗ്ര പദ്ധതി

നിലമ്പൂര്‍: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ വന്യജീവി സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ സമഗ്ര പദ്ധതി കോര്‍ ഗ്രൂപ്പിന് രൂപം നല്‍കാന്‍ തീരുമാനം. ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ വിളിച്ച് ചേര്‍ത്ത ജനപ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷക പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്‌.

വനംവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ പദ്ധതിയുണ്ടാക്കാന്‍ കര്‍മ്മ സമിതിക്കും രൂപം നല്‍കി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭ ചെയര്‍മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒ മാര്‍, റേഞ്ച് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍, കൃഷി ഓഫീസര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍, ആദിവാസി പ്രതിനിധികള്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് കോര്‍ ഗ്രൂപ്പിന് രൂപം നല്‍കുന്നത്.

ചുങ്കത്തറയില്‍ ജനവാസ കേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്താന്‍ സത്വര നടപടി സ്വീകരിക്കാന്‍ യോഗം നോര്‍ത്ത് ഡി.എഫ്.ഒക്ക് നിര്‍ദ്ദശം നല്‍കി. വന്യജീവി സംഘര്‍ഷം തടയാന്‍ സന്നദ്ധ പ്രവര്‍ത്തകരായ യുവാക്കളെ ഉള്‍പ്പെടുത്തി ഇവര്‍ക്ക് പ്രത്യേക പരിശീലനവും യൂണിഫോമും നല്‍കി ദ്രുതകര്‍മ്മ സേനയുണ്ടാക്കും. വന്യജീവി സംഘര്‍ഷമുണ്ടാകുമ്പോള്‍ ഉടനടി ഇടപെടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇവരെയും നിയോഗിക്കും.

വന്യജീവികളുടെ അക്രമം കാരണം മലയോരത്ത് കൃഷി ചെയ്യാന്‍ കഴിയാത്ത ദുരിതവും ജീവന്‍ നഷ്ടമാകുന്ന ആകുലതകളും കര്‍ഷകര്‍ പങ്കുവെച്ചു. പതിറ്റാണ്ടുകളായി കൃഷിക്കാര്‍ നികുതിയടക്കുന്ന ഭൂമിയില്‍ നികുതി അടക്കുന്നത് തടഞ്ഞുകൊണ്ട് വനംവകുപ്പ് നോട്ടീസ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. പോത്തുകല്ലില്‍ പുലിയെ പിടിക്കാന്‍ പുതിയ കൂട് സ്ഥാപിക്കാനും തീരുമാനമായി. ആന, പുലി, കരടി, പന്നി തുടങ്ങിയ വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയാണ് നിലമ്പൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടങ്ങള്‍ വരുത്തുന്നത്.

പലയിടത്തും ജനങ്ങള്‍ പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്. കൃഷി നാശം കാരണം മലയോര മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയിലാണ്. ഈ ഭീതിതമായ അവസ്ഥക്ക് പരിഹാരം തേടിയാണ് എം.എല്‍.എ യോഗം വിളിച്ചത്. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്ത് പിന്തുണ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷം തടയാന്‍ ജനകീയ പങ്കാളിത്തത്തോടെ സ്വീകരിച്ച നടപടികള്‍ നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ പി. ധനേഷ്‌കുമാര്‍ യോഗത്തില്‍ വിശദീകരിച്ചു.

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ടി ജെയിംസ് (എടക്കര) തങ്കമ്മ നെടുമ്പടി (വഴിക്കടവ്), വിദ്യാ രാജന്‍ (പോത്തുകല്‍), വല്‍സമ്മ സെബാസ്റ്റിയന്‍ (ചുങ്കത്തറ), ഇല്ലിക്കല്‍ ഹുസൈന്‍ (അമരമ്പലം), കരുളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സുരേഷ് ബാബു, എ.സി. എഫ് അനീഷ സിദ്ദിഖ്, നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍, വഴിക്കടവ് റേഞ്ച് ഓഫീസര്‍ പി. ഷെറീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!