കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരംഭിച്ച 22 കാൻസർ ചികിത്സാ കേന്ദ്രങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നിർദേശാനുസരണം തമിഴ്നാട്ടിലെ കന്യാകുമാരിയിലും ചികിത്സാ കേന്ദ്രം സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ തിരുവനന്തപുരം ആർ.സി.സി.യുടെ നേതൃത്വത്തിലാണ് കന്യാകുമാരി ജില്ലാ ആശുപത്രിയിയെ കാൻസർ ചികിത്സാ കേന്ദ്രമാക്കുന്നത്. കന്യാകുമാരിയിലേയും സമീപ ജില്ലകളിലേയും രോഗികൾക്ക് ഇത് ആശ്വാസകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
കന്യാകുമാരിയിലും സമീപ ജില്ലകളിൽ നിന്നും 560 പേരാണ് ആർ.സി.സി.യിൽ ചികിത്സയിലുള്ളത്. എന്നാൽ ലോക് ഡൗൺ കാരണവും രോഗ പകർച്ച കാരണവും ഇവർക്ക് അതിർത്തി കടന്ന് ചികിത്സ തേടാൻ കഴിയില്ല. ഇവർക്ക് മതിയായ ചികിത്സാ സൗകര്യം ഉറപ്പ് വരുത്താനാണ് സംസ്ഥാന സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.
സംസ്ഥാന ആരോഗ്യ വകുപ്പ് തമിഴ്നാട് ആരോഗ്യ വകുപ്പുമായി ചർച്ച നടത്തിയാണ് അന്തിമ തീരുമാനമെടുത്തത്. ആർ.സി.സി.യിൽ ചികിത്സയിലുള്ള തമിഴ്നാട്ടിലെ രോഗികൾക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. ആർ.സി.സി.യിലെ ഡോക്ടർമാർ ടെലി കോൺഫറൻസ് വഴി രോഗികളുടെ ചികിത്സാ വിവരം അവിടത്തെ ഡോക്ടർമാർക്ക് പറഞ്ഞ് കൊടുത്താണ് ചികിത്സ നടത്തുന്നത്. അത്തരക്കാരുടെ തുടർപരിശോധന, കീമോതെറാപ്പി, സാന്ത്വന ചികിത്സ, സഹായക ചികിത്സകൾ തുടങ്ങിയവ ഈ കേന്ദ്രങ്ങളിലൂടെ ചെയ്യാൻ കഴിയുന്നതാണ്.
രോഗപ്രതിരോധ ശേഷി കുറഞ്ഞ കാൻസർ രോഗികളെ കൊറോണ വൈറസ് ബാധിച്ചാൽ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തുന്നു. അതിനാലാണ് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളിൽ കാൻസർ ചികിത്സാ സൗകര്യമൊരുക്കിയത്. സംസ്ഥാനത്ത് 22 കേന്ദ്രങ്ങളിലാണ് കാൻസർ ചികിത്സാ സൗകര്യങ്ങളൊരുക്കിയത്.
തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്കാശുപത്രി, പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, കോട്ടയം പാല ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്കാശുപത്രി, ഇ.സി.ഡി.സി. കഞ്ഞിക്കോട്, മലപ്പുറം ജില്ലാ ആശുപത്രി തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി, കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് കാൻസർ ചികിത്സയ്ക്കുള്ള സൗകര്യങ്ങളൊരുക്കിയത്. ഈ 22 കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആർ.സി.സി.യുടെ മാർഗനിർദേശമനുസരിച്ച് നിരവധി രോഗികൾക്ക് ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയും മറ്റ് അനുബന്ധ ചികിത്സയും നൽകുന്നു.